
ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിലെ മുഖ്യപ്രതിയും ഗെയ്മിങ് സെന്റർ സഹഉടമയുമായ ധവാൽ താക്കർ രാജസ്ഥാനിൽ നിന്നും പിടിയിൽ. അപകടം നടന്നതിന് പിന്നാലെ രാജസ്ഥാനിലെ ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇവിടെ നിന്നാണ് പൊലീസ് പിടികൂടുന്നത്. ഇന്നലെ മൂന്ന് പ്രതികളെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. സെന്ററിലുണ്ടായ തീപിടുത്തത്തിൽ സ്ഥാപനത്തിന്റെ രേഖകൾ കത്തി നശിച്ചുവെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.
28 പേരുടെ ജീവൻ കവർന്ന രാജ്കോട്ട് ഗെയ്മിങ് സെന്റർ അപകടത്തിൽ ഗുജറാത്ത് സർക്കാരിനെ ഹൈക്കോടതി രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. അപകടം ഉണ്ടാകും വരെ സർക്കാർ ഉറങ്ങുകയായിരുന്നോ എന്നായിരുന്നു കോടതിയുടെ ചോദ്യം. നിയമപാലകരുടെ മൂക്കിൻ തുമ്പത്ത് മൂന്ന് വർഷമായി മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ഗെയ്മിങ് സെന്റർ, ലാഭക്കൊതിയിൽ തകരം കൊണ്ടും ഫൈബർ കൊണ്ടും കെട്ടിയ താത്കാലിക ഷെഡ്ഡുകൾ, ശനിയാഴ്ച അറ്റകുറ്റ പണിക്കിടെ ഒരു തീപ്പൊരി വീണതോടെ എല്ലാം കത്തിയമർന്നു. 28 ജീവനുകൾ പൊലിഞ്ഞു.
അപകടം നടന്നു രണ്ടാം ദിവസം ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സർക്കാരിലും പ്രാദേശിക ഭരണകൂടത്തിലും വിശ്വാസമില്ലെന്നറിയിച്ച ഹൈക്കോടതി പ്രധാന നഗരങ്ങളിലെ ഗെയിം സോണുകളുടെ റിപ്പോർട്ട് തേടി. കോടതി ഇടപെടലിന്നു പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെത്തി. രാജ്കോട്ട് മുനിസിപ്പൽ കോർപറേഷനിലെ അഗ്നി രക്ഷാ വിഭാഗം മേധാവിയുൾപ്പടെ ഏഴുപേർക്കാണ് സസ്പെൻഷൻ.
ഇതിനിടെ ഗെയിം സെന്ററിന്റെ സഹ ഉടമ രാഹുൽ റാത്തോഡിനെ പോലീസ് പിടികൂടി. ഇതുവരെ പിടിയിലായ മൂന്ന് പേരെയും പോലീസ് കോടതിയിൽ ഹാജരാക്കി. അതേ സമയം മൂന്ന് ദിവസമായിട്ടും മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ മോർച്ചറിക്ക് മുൻപിൽ പ്രതിഷേധിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാ മൃതദേഹങ്ങളുടെയും ഡിഎൻഎ പരിശോധന പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറാനുള്ള ശ്രമത്തിലാണ് അധികൃതർ.
Last Updated May 28, 2024, 1:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]