

First Published May 28, 2024, 12:41 PM IST
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ രണ്ടാം സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. രാജസ്ഥാൻ റോയൽസ് താരങ്ങളായ യുസ്വേന്ദ്ര ചാഹൽ, യശശ്വി ജയ്സ്വാൾ, ആവേശ് ഖാൻ എന്നിവരാണ് രണ്ടാം സംഘത്തിലുള്ളത്. ക്യാപ്റ്റൻ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത്, അർഷ്ദീപ് സിംഗ്, അക്സർ പട്ടേൽ , കുൽദീപ് യാദവ്, റിസർവ് താരങ്ങളായ ശുഭ്മാൻ ഗിൽ, ഖലീൽ അഹമ്മദ്, തുടങ്ങിയവർ കഴിഞ്ഞ ദിവസം അമേരിക്കയിൽ എത്തിയിരുന്നു.
രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘവും ആദ്യ സംഘത്തിനൊപ്പം അമേരിക്കയില്‍ എത്തി. വ്യക്തിപരമായ കാരണങ്ങളാൽ സഞ്ജു സാംസൺ, വിരാട് കോലി, വൈസ് ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ എന്നിവർ മുൻ നിശ്ചയിച്ചതിനേക്കാൾ വൈകിയാണ് ടീമിനൊപ്പം ചേരുക. ഐപിഎല്ലിനുശേഷം ചെറിയ ഇടവേള വേണമെന്ന കോലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചിരുന്നു. ഐപിഎല്ലിലെ ക്വാളിഫയര്‍ പോരാട്ടത്തിനുശേഷം വ്യ്കിതപരമായ ആവശ്യങ്ങള്‍ക്കായി ദുബായിലേക്ക് പോകാനുള്ള സഞ്ജുവിന്റെ അപേക്ഷയും ബിസിസിഐ അനുവദിച്ചിരുന്നു.
അതേസമയം,ഐപിഎല്ലില്‍ ആദ്യ റൗണ്ടില്‍ പുറത്തായ മുംബൈ ഇന്ത്യൻസിന്റെ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ ലണ്ടനില്‍ അവധിക്കാലം ചെലവഴിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദ്ദിക് ലണ്ടനില്‍ നിന്ന് അമേരിക്കയിലെത്തുമെന്നാണ് കരുതുന്നത്. റിസര്‍വ് താരങ്ങളില്‍ ഉള്‍പ്പെട്ട കൊല്‍ക്കത്ത താരം റിങ്കു സിംഗ് ഐപിഎല്‍ കിരീടനേട്ടത്തിനുശേഷം ഇന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കും.
ലോകകപ്പിന് മുന്നോടിയായി ജൂൺ ഒന്നിന് ഇന്ത്യ ബംഗ്ലാദേശുമായി സന്നാഹ മത്സരം കളിക്കും. കോലിയും സഞ്ജുവും പാണ്ഡ്യയും ഈ മത്സരത്തിൽ കളിക്കില്ലെന്നാണ് സൂചന. ജൂൺ രണ്ടിന് അമേരിക്ക-കാനഡ മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക. അഞ്ചിന് അയർലൻഡുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ഒൻപതിനാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ പോരാട്ടം.
ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ , അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മൊഹമ്മദ് സിറാജ്
റിസർവ്: ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, അവേശ് ഖാൻ.
Last Updated May 28, 2024, 12:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]