
തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പുകൾ പുതുക്കി. രണ്ട് ജില്ലകളിൽ റെഡ് അലർട്ടാണ്. കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വയനാടും കാസർകോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.
കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണം. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.
കനത്ത മഴയിൽ തെക്കൻ കേരളത്തിലും ദുരിതമാണ്. കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകൾ ഗതാഗതത്തിന് തടസ്സമായി. കൊല്ലത്ത് അർദ്ധരാത്രി മുതൽ ഇടവിട്ട് ശക്തമായ മഴയുണ്ട്. കാവനാട്, പറക്കുളം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. ദേശീയപാതയിൽ ചാത്തന്നൂർ മുതൽ പരിപ്പള്ളി വരെ വെള്ളക്കെട്ടിൽ ഗതാഗതം തടസപ്പെട്ടു. കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകൾ തകർന്നു. സൂപ്പർമാർക്കറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളുടെ ചില്ലുകൾ മരത്തിന്റെ ചില്ലകൾ വീണു തകർന്നു. വാളകത്ത് എംസി റോഡിൽ വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരത്ത് നഗരമേഖലയിലും ഉൾപ്രദേശങ്ങളിലും മഴ കനത്തു. വർക്കല പാപനാശത്ത് കുന്നിടിഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ കോട്ടൺഹിൽ സ്കൂളിൽ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. നെയ്യാറ്റിന്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രമതിൽ തകർന്ന് ആറ്റിൽ പതിച്ചു. കാട്ടാക്കട കൈതക്കോണത്ത് തോടുകൾ കര കവിഞ്ഞൊഴുകുകയാണ്. കാട്ടാക്കട നെടുമങ്ങാട് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും അടച്ചു. കാലവർഷപ്പെയ്ത്ത് തുടങ്ങിയത് കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി റവന്യൂ മന്ത്രി അറിയിച്ചു.
കൊച്ചിയിൽ കനത്ത മഴ
പെരുമഴയിൽ കൊച്ചിയിൽ വീണ്ടും കനത്ത വെളളക്കെട്ട്. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്. എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി. കൊച്ചി ഇൻഫോപാർക്കിൽ വെളളക്കെട്ടിനെത്തുടർന്ന് ഐ ടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സമയത്ത് എത്താനായില്ല. നഗരത്തോട് ചേർന്ന താഴ്ന്ന മേഖലകളിലെ വീടുകളിലും വെളളം കയറി. ഫോർട്ടുകൊച്ചിയിൽ കെ എസ് ആർ ടി സി ബസിന് മുകളിലേക്ക് മരം വീണെങ്കിലും ആർക്കും പരിക്കില്ല. കളമശേരിയിൽ വെളളം ഉയർന്നതോടെ ഒറ്റപ്പെട്ടുപോയവരെ ഫയർ ഫോഴ്സ് എത്തി രക്ഷപെടുത്തി.
Last Updated May 28, 2024, 1:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]