
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ ആരൊക്കെയാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ ബിസിസിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്ക് കിരീടം സമ്മാനിച്ച ടീം മെന്ററായ ഗൗതം ഗംഭീറിനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ ഗംഭീര്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലും ബിസിസിഐ വ്യക്തതവരുത്തിയിട്ടില്ല. അപേക്ഷിക്കണമെങ്കില്‍ കോച്ച് ആക്കുമെന്ന ഉറപ്പുവേണമെന്ന് ഗംഭീര്‍ ഉപാധി വെച്ചതായി കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനിടെ ഇന്ത്യൻ പരിശീലകനാകാന്‍ ഏറ്റവും യോഗ്യനായ താരം മുന്‍ നായകന് എം എസ് ധോണിയാണെന്ന് തുറന്നു പറയുകയാണ് ഇന്ത്യന്‍ താരം വിരാട് കോലിലുടെ ബാല്യകാല പരിശീലകനായ രാജ്കുമാര് ശര്‍മ. ഐപിഎല്ലില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ബിസിസിഐ ധോണിയെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും രാജ്കുമാര് ശര്‍മ പറഞ്ഞു.
ഡ്രസ്സിംഗ് റൂമില്‍ കളിക്കാരുടെ ബഹുമാനം നേടാന്‍ ധോണിക്കാവും. വലിയ താരങ്ങളെവെച്ച് രണ്ട് ലോകകപ്പുകള്‍ നേടി കഴിവു തെളിയിച്ച നായകനാണ് ധോണി. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിലെ സൂപ്പര്‍ താരങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനാവും. ഇന്ത്യക്കായി ദീര്‍ഘകാലം കളിച്ച നായകനെന്ന നിലയില്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കാനും അത് നടപ്പിലാക്കാനും ധോണിക്ക് അനായാസം കഴിയും. ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ സച്ചിന്, സെവാഗ്, ദ്രാവിഡ്, യുവരാജ് എന്നീ വലിയ താരങ്ങളെല്ലാം ടീമിലുണ്ടായിട്ടും അവരെയെല്ലാം നന്നായി നയിക്കാന്‍ ധോണിക്കായെന്നും രാജ്കുമാര് ശര്‍മ പറഞ്ഞു. ധോണി കോച്ചായില്ലെങ്കിലും ഇന്ത്യന്‍ പരിശീലകനായി വരുന്നത് ഒരു ഇന്ത്യക്കാരനായിരിക്കണമെന്നും രാജ്കുമാര് ശര്‍മ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]