
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതി എങ്ങനെ ഉണ്ടായി, എന്തുകൊണ്ട് ഉണ്ടായി എന്നൊക്കെ അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. രാസവസ്തുക്കളുടെ സാന്നിധ്യത്തിന്റെ കാരണമറിയാൻ മത്സ്യങ്ങളുടെ രാസപരിശോധനാഫലം വരണം. അതിന് ഒരാഴ്ച കൂടി സമയം വേണ്ടി വരും. വ്യവസായ മാലിന്യത്തിന്റെ സാന്നിധ്യമില്ലെന്ന് പ്രാഥമികാന്വേഷണറിപ്പോർട്ട് നൽകിയ മലിനീകരണ നിയന്ത്രണബോർഡിനും രാസപരിശോധാഫലം നിർണായകമാണ്.
വ്യവസായ മാലിന്യമോ ജൈവ മാലിന്യമോ?
അപകടകരമായ തോതിൽ ജലത്തിൽ ഹൈഡ്രജൻ സൾഫൈഡും അമോണിയയും കണ്ടെത്തിയെന്നാണ് കുഫോസിന്റെ പഠന റിപ്പോർട്ട്. പിസിബി പറയുന്നത് ജൈവമാലിന്യം കെട്ടിക്കിടന്നതാണ് ഇതിന് കാരണമെന്നും. അമോണിയ ജൈവമാലിന്യത്തിൽ നിന്ന് വരാനിടയുണ്ട്. പക്ഷേ സൾഫൈഡ് പൂർണമായും രാസമാലിന്യമാണ്. വ്യവസായമേഖലയിൽ നിന്ന് അനധികൃതമായി മലിനജലം പുറന്തള്ളുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പറയുന്ന പിസിബിയുടെ റിപ്പോർട്ട് വേണ്ടത്ര പരിശോധനകൾ നടത്താതെയാണെന്ന് ആക്ഷേപമുയരുന്നത് ഈ സാഹചര്യത്തിലാണ്. ദിവസങ്ങൾ തുറക്കാതിരുന്ന പാതാളം റെഗുലേറ്റർ ബ്രിഡ്ജിന്റെ മൂന്ന് ഷട്ടറും ഒരുമിച്ച് തുറന്നതാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന് ഇറിഗേഷൻ വകുപ്പിനെ പഴി ചാരുന്നതിലുമുണ്ട് ചില പൊരുത്തക്കേട്.
ഓക്സിജൻ അളവ് കുറഞ്ഞ വെള്ളം കൂടിയ അളവിൽ റെഗുലേറ്ററിലേക്ക് പെട്ടെന്ന് താഴേക്ക് ഒഴുകിയെന്നാണ് പിസിബി പറയുന്നത്. ജൈവമാലിന്യങ്ങൾ ബണ്ടിന് മുകളിൽ കെട്ടിക്കിടക്കുന്നതും അടിത്തട്ടിൽ അടിയുന്നതും പെട്ടെന്ന് ബണ്ട് തുറന്നപ്പോഴുള്ള ശക്തമായ പ്രവാഹവും ബണ്ടിന്റെ താഴ്ഭാഗത്ത് ഓക്സിജൻ വല്ലാതെ കുറച്ചെന്നാണ് വിശദീകരണം. അങ്ങനെയെങ്കിൽ ഓക്സിജൻ അളവ് വല്ലാതെ കുറയുന്നുവെന്ന് പറയുന്ന മേൽത്തട്ടിൽ മത്സ്യക്കുരുതി ഉണ്ടാകേണ്ടേ എന്നാണ് ഉയരുന്ന ചോദ്യം. മാത്രമല്ല, ഷട്ടറുകൾ തുറക്കാതിരിക്കുന്നത് ഓക്സിജൻ അളവ് കുറയാൻ കാരണമാകുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകുന്നതിൽ അവസാനിക്കുമോ എന്നും ചോദ്യം ഉയരുന്നുണ്ട്. ചട്ടപ്പടി പരിപാലനം എന്ന ഉത്തരത്തിൽ ഒതുക്കാവുന്നതല്ല മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവാദിത്തവും കടമയും. അതിലുമപ്പുറം വീഴ്ചയുണ്ടായിട്ടുണ്ടോ ഉദാസീനതയുണ്ടോ എന്ന് വ്യക്തമാകാൻ രാസപരിശോധനാഫലം വരണം. അതിന്മേലാവും തുടര് നടപടി ഉണ്ടാവുക.
Last Updated May 27, 2024, 1:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]