
ജയ്പൂര്‍: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന് റോയല്‍സിന് തകര്‍പ്പന്‍ ജയം. 210 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം രാജസ്ഥാൻ 15.5 ഓവറിൽ മറികടന്നു. 14കാരൻ വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് രാജസ്ഥാന്റെ വിജയം അനായാസമാക്കിയത്.
ഓപ്പണര്‍മാരായ വൈഭവ് സൂര്യവഷിയും യശസ്വി ജയ്സ്വാളും തുടക്കം മുതല്‍ ഗുജറാത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടു. രണ്ടാം ഓവറില്‍ ജയ്സ്വാളിനെ പുറത്താക്കാന്‍ ലഭിച്ച അവസരം ബട്ലര് കൈവിട്ടു കളഞ്ഞതിന് വലിയ വിലയാണ് ഗുജറാത്തിന് നൽകേണ്ടി വന്നത്. ഇഷാന്ത് ശര്‍മ്മയ്ക്കെതിരെ മൂന്ന് സിക്സറുകളും രണ്ട് ബൗണ്ടറികളും സഹിതം വൈഭവ് 28 റണ്‍സാണ് നാലാം ഓവറില്‍ നേടിയത്. 3.5 ഓവറില്‍ ടീം സ്കോര്‍ 50 കടന്നു.
വെറും 17 പന്തുകളില്‍ അർദ്ധ സെഞ്ച്വറി തികച്ച വൈഭവിന് മുന്നിൽ ഗുജറാത്ത് ബൗളർമാർ വിയർത്തു. 7.4 ഓവറില്‍ ടീം സ്കോര്‍ 100 കടന്നു. കരിം ജന്നത്ത് എറിഞ്ഞ 10-ാം ഓവറില്‍ 3 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 30 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറില്‍ റാഷിദ് ഖാനെ അതിര്‍ത്തി കടത്തി വൈഭവ് സെഞ്ച്വറി തികച്ചു. 35 പന്തുകളില്‍ നിന്നായിരുന്നു വൈഭവിന്റെ സെഞ്ച്വറി. 7 ബൗണ്ടറികളും 11 സിക്സറുകളുമാണ് വൈഭവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 12-ാം ഓവറില്‍ യശസ്വി ജയ്സ്വാള്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചു. 31 പന്തുകളില്‍ നിന്നായിരുന്നു ജയ്സ്വാളിന്റെ നേട്ടം. ഇതേ ഓവറില്‍ വൈഭവിനെ (38 പന്തിൽ 101) പുറത്താക്കി പ്രസീദ് കൃഷ്ണ ഗുജറാത്തിന് ആശ്വാസമേകി.
വൈഭവ് മടങ്ങിയതിന് പിന്നാലെ നിതീഷ് റാണയെ മടക്കിയയച്ചു റാഷിദ് ഖാൻ ഗുജറാത്തിന് പ്രതീക്ഷ നൽകി. ഇതോടെ ക്രീസിലെത്തിയ നായകൻ റിയാൻ പരാഗ് രാജസ്ഥാന്റെ സ്കോറിങ്ങിന് വേഗം കൂട്ടി. 15 പന്തുകളിൽ നിന്ന് 32 റൺസുമായി പരാഗും 40 പന്തിൽ നിന്ന് 70 റൺസുമായി ജയ്സ്വളും പുറത്താകാതെ നിന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]