
ദില്ലി: കർണാടകയിലെ ഹാസൻ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥിയും ദേവെ ഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ പ്രചരിക്കുന്ന അശ്ലീല വീഡിയോ വിവാദം ബംഗാളില്‍ ബിജെപിക്കെതിരെ ആയുധമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. രാജ്യത്തെ ലിംഗവിവേചനത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും ആശങ്കകൾ പരിഹരിക്കുന്നതിനായി 2015 ൽ മോദി സർക്കാർ മുന്നോട്ട് വെച്ച ‘ബേട്ടി ബച്ചാവോ’ മുദ്രവാക്യം മുന്നിൽ നിർത്തിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ വിമർശിച്ച് രംഗത്തെത്തിയത്. ബിജെപി സഖ്യകക്ഷി എംപിയുടെത് ഭീകര ലൈംഗീകാതിക്രമ വീഡിയോകളാണെന്നും ബേട്ടി ബച്ചാവോ മുദ്രാവാക്യം കാപട്യമാണെന്നും തൃണമൂല്‍ എംപി സുഷ്മിത ദേവ് ആരോപിച്ചു.
സന്ദേശ്ഖലിയിലെ ഭൂമി കൈയേറ്റ- ലൈംഗികാതിക്രമ കേസുകൾ ഉന്നയിച്ച് ടിഎംസിക്കെതിരെ ബിജെപി വിമർശനം ഉന്നയിക്കുമ്പോഴാണ് ത്രിണമൂലിന്റെ നീക്കം. സന്ദേശ്ഖലി കേസുകളില്‍ കൊല്‍ക്കത്ത ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അതേ സമയം പ്രജ്വൽ രേവണ്ണയ്ക്ക് എതിരെ അശ്ലീല വീഡിയോ കർണാടകയിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ബലാത്സംഗദൃശ്യങ്ങൾ അടക്കമുള്ള അശ്ലീലവീഡിയോകളാണ് പ്രജ്വലിനെതിരെ പുറത്ത് വന്നത്. നേരത്തേ ഇത്തരം വീഡിയോകൾ ഉണ്ടെന്ന ആരോപണമുണ്ടായിരുന്നെങ്കിലും ദൃശ്യങ്ങൾ പുറത്ത് വരുന്നത് ഇതാദ്യമാണ്.
സംഭവത്തിൽ സംസ്ഥാന വനിതാകമ്മീഷന്റെ നിർദേശപ്രകാരം കേസന്വേഷണത്തിന് പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സംസ്ഥാനസർക്കാർ ഇത് സംബന്ധിച്ച് ഉത്തരവുമിറക്കി. ഇതിനിടെ കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വൽ രാജ്യം വിട്ടു. ഹാസനിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് പോയെന്നാണ് സൂചന. അറസ്റ്റ് അടക്കമുള്ള നീക്കങ്ങൾ മുന്നിൽ കണ്ടാണ് പ്രജ്വൽ രാജ്യം വിട്ടതെന്നും സൂചനയുണ്ട്.
Last Updated Apr 28, 2024, 4:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]