സിഡ്നി: ഐപിഎൽ പത്തൊമ്പതാം സീസണിലെ ആദ്യ മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഇന്ത്യൻ മാധ്യമങ്ങളും ചില മുൻ താരങ്ങളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും തന്റെ ശരീരത്തെക്കുറിച്ച് തനിക്കുള്ളതിനേക്കാൾ അറിവ് ഇവർക്കുണ്ടെന്ന രീതിയിലാണ് സംസാരമെന്നും സ്റ്റാർക്ക് പരിഹസിച്ചു.
തന്റെ തോളിനും കൈമുട്ടിനും പരിക്കേറ്റ വിവരം സ്റ്റാർക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പ്രസ്താവനയിലായിരുന്നു താരത്തിന്റെ പ്രതികരണം.
ചില വ്യക്തികൾ ഇന്ത്യൻ മാധ്യമങ്ങളിലൂടെ എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. എന്റെ പരിക്കിനെക്കുറിച്ചും ഐപിഎൽ പങ്കാളിത്തത്തെക്കുറിച്ചും അവർ പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണ്.
എന്റെ ശരീരത്തെക്കുറിച്ച് എന്നേക്കാൾ നന്നായി അറിയാമെന്നാണ് ഇവരുടെ ഭാവം. ഡൽഹി ക്യാപിറ്റൽസ് മാനേജ്മെന്റിനോടും ആരാധകരോടും സ്റ്റാർക്ക് ക്ഷമ ചോദിച്ചു.
എത്ര മത്സരങ്ങൾ നഷ്ടമാകുമെന്ന് ഉറപ്പില്ലെങ്കിലും എത്രയും വേഗം ടീമിനൊപ്പം ചേരാൻ താൻ ആഗ്രഹിക്കുന്നുവെന്നും സ്റ്റാർക്ക് വ്യക്തമാക്കി. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയടക്കമുള്ളവർ സ്റ്റാർക്കിനെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു.
സ്റ്റാർക്കിന് പരിക്കില്ലെന്നും ജനുവരിയിൽ ആഷസ് കഴിഞ്ഞ ശേഷം താരം വിശ്രമത്തിലാണെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞിരുന്നു. സ്റ്റാർക്കിന് ഐപിഎല്ലില്‍ കളിക്കാൻ എൻഒസി നൽകാത്ത ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു.
പേരെടുത്ത് പറഞ്ഞില്ലെങ്കിലും സുനിൽ ഗവാസ്കറും സമാനമായ നിലപാടാണ് സ്വീകരിച്ചത്. പരിക്ക് ഒഴികെയുള്ള കാരണങ്ങളാൽ മത്സരങ്ങൾ ഒഴിവാക്കുന്ന വിദേശ താരങ്ങൾ ഐപിഎല്ലിന്റെ ആതിഥേയത്വത്തെ നിസ്സാരമായി കാണുകയാണെന്ന് ഗവാസ്കര്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇന്ത്യൻ ആരാധകരുടെയും വിദഗ്ധരുടെയും കടന്നാക്രമണങ്ങൾ ശക്തമായതോടെ, സ്റ്റാര്‍ക്കിന്റെ ഭാര്യയും മുൻ ഓസീസ് വനിതാ ക്യാപ്റ്റനുമായ അലിസ ഹീലിയും പ്രതിരോധവുമായി രംഗത്തെത്തിയിരുന്നു. സ്റ്റാർക്കിന്റെ പരിക്കിനെക്കുറിച്ച് കൃത്യമായ വിവരം നൽകാൻ ഡൽഹി ക്യാപിറ്റൽസ് മാനേജ്മെന്റ് ആദ്യം തയ്യാറായിരുന്നില്ല.
ക്രിക്കറ്റ് ഓസ്ട്രേലിയ എൻഒസി നൽകിയിട്ടില്ലെന്ന് മാത്രമാണ് അവർ പറഞ്ഞിരുന്നത്. എന്നാൽ വരാനിരിക്കുന്ന തിരക്കേറിയ അന്താരാഷ്ട്ര മത്സരങ്ങൾ കണക്കിലെടുത്താണ് സ്റ്റാർക്കിനെ ഓസ്ട്രേലിയൻ ബോർഡ് തടഞ്ഞുവെക്കുന്നതെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് വിവാദം പുകഞ്ഞത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

