
പനാജി: ഗോവയിലെ ബീച്ചിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ ഇഡ്ഡലിയും സാമ്പാറും വിൽക്കുന്നത് വിദേശസഞ്ചാരികളുടെ വരവ് കുറയ്ക്കുന്നുവെന്ന് ആരോപണം. ബിജെപി എംഎൽഎയായ മൈക്കൽ ലോബോയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ വടക്കൻ ഗോവയിലെ കലാൻഗുട്ടിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശ സംസ്ഥാനമായ ഗോവ സന്ദർശിക്കുന്ന വിദേശികളുടെ എണ്ണം കുറയുന്നതിന് സർക്കാരിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും എല്ലാ പങ്കാളികളും ഒരുപോലെ ഉത്തരാവാദികളാണെന്നും എംഎൽഎ പറഞ്ഞു.
‘ഗോവയിലുളളവർ തങ്ങളുടെ ഉടമസ്ഥതയിലുളള സ്ഥലങ്ങൾ മറ്റുളള വ്യവസായികൾക്ക് വാടകയ്ക്ക് കൊടുക്കുന്നുണ്ട്. ബംഗളൂരുവിൽ നിന്നുളള ചില വ്യവസായികൾ ഇവിടങ്ങളിൽ വട പാവ്, ഇഡ്ഡലി, സാമ്പാർ തുടങ്ങിയവ പ്രധാന വിഭവങ്ങളാക്കി വിൽക്കുകയാണ്.അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് വർഷമായി ഗോവയിലെത്തുന്ന വിദേശസഞ്ചാരികളുടെ എണ്ണം കുറയുന്നു. ഗോവയിൽ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞാൽ പല പ്രതിസന്ധികളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇതിന് പല കാരണങ്ങളും ഉണ്ട്.
എല്ലാ വർഷവും ചില വിദേശികൾ ഗോവ സന്ദർശിക്കാറുണ്ട്. എന്നാൽ യുവ സഞ്ചാരികൾ ഗോവയിലേക്ക് അധികമായി എത്തുന്നില്ല. ഈ വിഷയത്തിൽ ടൂറിസം വകുപ്പും മറ്റ് പങ്കാളികളും സംയുക്ത യോഗം ചേർന്ന് പ്രശ്നത്തെക്കുറിച്ച് കൂടുതൽ പഠിക്കണം. യുദ്ധം കാരണം റഷ്യ, യുക്രൈയ്ൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളള സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതുപോലെ മുൻ സോവിയറ്റ് യൂണിയൻ രാജ്യങ്ങളിൽ നിന്നുളള സഞ്ചാരികൾ ഗോവ സന്ദർശിക്കുന്നതും നിർത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടൂറിസവുമായി ബന്ധപ്പെട്ടുളള എല്ലവാരുമായി ചർച്ച ചെയ്യേണ്ടതുണ്ട്. കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ വിനോദസഞ്ചാരം പ്രതിസന്ധിയിലാകും. ബീച്ചിനോട് ചേർന്നുളള കടകളിൽ ഇവ വിൽക്കുന്നത് കർശനമായി തടയേണ്ടതുണ്ട്’- എംഎൽഎ വ്യക്തമാക്കി. അതേസമയം ഇഡ്ഡലിയുടെയും സാമ്പാറിന്റെയും വിൽപ്പന എങ്ങനെയാണ് സഞ്ചാരികളുടെ എണ്ണം കുറയ്ക്കുന്നുവെന്നതിൽ എംഎൽഎ കൂടുതൽ വ്യക്തത വരുത്തിയിട്ടില്ല.