(തിരൂർ) മലപ്പുറം – നവകേരള സദസ്സിൽ പങ്കെടുക്കാൻ പല യു.ഡി.എഫ് നേതാക്കൾക്കും താൽപര്യമുണ്ടെന്നും പലരും സ്വകാര്യമായി ഇത്തരം സദസ്സുകളിൽ എത്തുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
ബഹിഷ്കരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മലപ്പുറത്തുൾപ്പെടെ അഭൂതപൂർവ്വമായ ജനക്കൂട്ടമാണ് പലയിടങ്ങളിലും കാണാനാവുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മലപ്പുറം ജില്ലയിൽ പ്രവേശിച്ച ജാഥയ്ക്ക് ഇന്ന് രാവിലെ തിരൂരിലെ പ്രഭാത യോഗത്തോടെയാണ് തുടക്കം. 11 മണിക്ക് പൊന്നായിലാണ് ജില്ലയിലെ ആദ്യ നവകേരള സദസ്സ്. വൈകിട്ട് മൂന്നിന് തവനൂരിലും നാലരക്ക് തിരൂരിലും എത്തി, വൈകിട്ട് ആറിന് താനൂരിലാണ് സമാപനം. ജില്ലയിലെ 16 മണ്ഡലങ്ങളിലായി ഈമാസം 30-നാണ് പര്യടനം പൂർത്തിയാവുക.
നവകേരള സദസിൽനിന്ന് വിട്ടുനിൽക്കുന്ന ജനപ്രതിനിധികൾ ജനങ്ങളോടുള്ള നീതികേടാണ് കാണിക്കുന്നതെന്ന് വ്യവസായ നിയമ മന്ത്രി പി രാജീവ് വിമർശിച്ചു. ബഹിഷ്കരിക്കാൻ ശ്രമിക്കുന്നവർ സദസിന് രാഷ്ട്രീയ നിറം നൽകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ ഒപ്പം കൂട്ടാനല്ല നവകേരള സദസ്സെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. പുതിയ ഒരു പാർട്ടിയെ മുന്നണിയിൽ എത്തിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും നവകേരള സദസ്സിനെതിരേയുള്ള പ്രതിഷേധങ്ങളെ കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]