മുംബൈ: 2021ലെ ഐപിഎല്‍ താരലേലത്തിന് മുമ്പ് നാലു കളിക്കാരെ വീതം ഓരോ ടീമിനും നിലനിര്‍ത്താനുള്ള അവസരം നല്കിയപ്പോള് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, കെയ്റോണ്‍ പൊള്ളാര്‍ഡ് എന്നിവരെയായിരുന്നു. മധ്യനിരയിലെ നിര്‍ണായക താരമായിട്ടും അന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയെ നിലനിര്‍ത്താന്‍ ടീം മാനേജ്മെന്റ് തയാറായില്ല. ഇതില്‍ ഹാര്‍ദ്ദിക്കിന് നീരസവുമുണ്ടായിരുന്നു.
കൈവിട്ട ഹാര്‍ദ്ദിക്കിനെ മുംബൈ ലേലത്തില്‍ തിരിച്ചുപിടിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് ഐപിഎല്ലില്‍ പുതുതയായി രണ്ട് ടീമുകളിലൊന്നായ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി ഹാര്‍ദ്ദിക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതോടെ ഹാര്‍ദ്ദിക്കും മുംബൈയും പൂര്‍ണമായും അകന്നു. പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് നായകനായി ഹാര്‍ദ്ദിക് നിയോഗിക്കപ്പെട്ടപ്പോഴും വലിയ അത്ഭുതങ്ങളൊന്നും ആരാധകര്‍ പ്രതീക്ഷിച്ചില്ല. എന്നാല്‍ ശുഭ്മാന്‍ ഗില്ലിനെയും റാഷിദ് ഖാനെയും പോലുള്ള താരങ്ങളെ സ്വന്തമാക്കിയ ഗുജറാത്ത് താരലേലലത്തില്‍ ബുദ്ധിപൂര്‍വം കരുക്കള്‍ നീക്കിയതോടെ ഹാര്‍ദ്ദിക്കിന്റെ കീഴില്‍ കെട്ടുറപ്പുള്ള ടീമിനെ ഒരുക്കാന്‍ അവര്‍ക്കായി.
മുംബൈ ഇന്ത്യന്‍സ് പോലെ സൂപ്പര്‍ താരങ്ങളുടെ നിറസാന്നിധ്യമൊന്നും ഗുജറാത്ത് ടീമിലുണ്ടായിരുന്നില്ല. ഹാര്‍ദ്ദിക് കഴിഞ്ഞാല്‍ റാഷിദും ഗില്ലും ഷമിയും എല്ലാം അടങ്ങുന്ന ടീമില്‍ പക്ഷെ നിര്‍ണായക ഘട്ടങ്ങളില്‍ അവസരത്തിനൊത്ത് ഉയരുന്ന നിരവധി താരങ്ങളുണ്ടായിരുന്നു. കാലം കഴിഞ്ഞുവെന്ന് കരുതിയ വൃദ്ധിമാന്‍ സാഹയും യുവതാരം സായ് സുദര്‍ശനും മുഹമ്മദ് ഷമിയും മോഹിത് ശര്‍മയുമെല്ലാം കൈ മെയ് മറന്ന് പോരാടിയപ്പോള്‍ ആദ്യ സീസണില്‍ തന്നെ കിരീടം നേടി ഗുജറാത്ത് വരവറിയിച്ചു.
ഒപ്പം തന്നെ തഴഞ്ഞ മുംബൈയോട് കിരീടം നേടി ഹാര്‍ദ്ദിക് കണക്കു തീര്‍ത്തുവെന്നും വിലയിരുത്തലുണ്ടായി. ആദ്യ സീസണിലെ അത്ഭുതമായിരുന്നില്ല തങ്ങളെന്ന് തൊട്ടടുത്ത സീസണിലും ഗുജറാത്ത് തെളിയിച്ചു. ഫൈനലില്‍ ചെന്നൈയോട് അവസാന പന്തില്‍ തോറ്റെങ്കിലും ഗുജറാത്തും പാണ്ഡ്യയും തല ഉയര്‍ത്തിയാണ് മടങ്ങിയത്. ടീമില്‍ നിന്ന് പോയ ഹാര്‍ദ്ദിക് അല്ല ഇപ്പോള്‍ മുംബൈ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നത് എന്ന് ചുരുക്കം.
ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ സീസമില്‍ തന്നെ ഐപിഎല്‍ കിരീടം നേടിയ, ഇന്ത്യന്‍ ടി20 ടീമിന്റെ നായകനായ ഹാര്‍ദ്ദിക്കാണ് മുംബൈയില്‍ തിരിച്ചെത്തുന്നത്. അതുകൊണ്ടുതന്നെ ഭാവിയില്‍ മുംബൈയുടെ നായകസ്ഥാനവും ഹാര്‍ദ്ദിക്കിന്റെ കൈകളിലേക്ക് തന്നെയാകും എത്തുക എന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Nov 27, 2023, 8:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]