കൊച്ചി– ഇന്ത്യയില്‍ ചെറുകാറുകളുടെ വില്പന ഗണ്യമായി ഇടിയുന്നു. വലിയ കാറുകള്‍ക്ക് മികച്ച വില്പന ലഭിക്കുമ്പോഴാണ് ഉപഭോക്താക്കള്‍ ചെറു കാറുകള്‍ വാങ്ങുന്നതില്‍ നിന്നും മാറി നില്‍ക്കുന്നത്. രാജ്യത്ത് ചെറുകാറുകളുടെ വില്പന ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ 75 ശതമാനം കുറഞ്ഞ് 35,000 യൂണിറ്റുകളായെന്ന് സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ചെറുകാറായ ആള്‍ട്ടോയുടെ വില്പനയില് വലിയ മാന്ദ്യമാണ് അവലോകന കാലയളവിലുണ്ടായത്.
ആഗോള മേഖലയില്‍ അസംസ്കൃത സാധനങ്ങളുടെ വിലയിലുണ്ടായ വന്‍ വര്‍ദ്ധന മൂലം ചെറു കാറുകളുടെ വില ഗണ്യമായി കൂടിയതും എന്‍ട്രി ലെവല്‍ രംഗത്ത് വില്പന കുറയാന്‍ ഇടയാക്കുന്നുവെന്ന് ഡീലര്‍മാര്‍ പറയുന്നു. ഇതോടൊപ്പം ആഡംബര കാറുകളും ചെറുകാറുകളും തമ്മിലുള്ള വില വ്യത്യാസം കുറഞ്ഞതും ഉപഭോക്താക്കളുടെ വാങ്ങല്‍ താത്പര്യങ്ങളെ പ്രതികൂലമായി ബാധിച്ചു. നിലവില്‍ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകള്‍ വാങ്ങാനാണ് ഉപഭോക്താക്കള്‍ സജീവമായി രംഗത്തുള്ളതെന്നും വാഹന വിപണിയിലുള്ളവര്‍ പറയുന്നു.
ചെറുകാറുകള്‍ വാങ്ങാന്‍ ഉപഭോക്താക്കളുടെ താത്പര്യം കുറഞ്ഞതോടെ രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനികളെല്ലാം ഈ കാറുകളുടെ നിര്‍മ്മാണ രംഗത്ത് നിന്നും പിന്മാറുകയാണ്. മാരുതി സുസുക്കിയുടെ ഒരു കാലത്തെ ഏറ്റവും ജനപ്രിയ മോഡലായിരുന്ന ആള്‍ട്ടോയുടെ ഉത്പാദനം അവസാനിപ്പിക്കാന്‍ കമ്പനി ആലോചിക്കുന്നതും വാങ്ങല്‍ ട്രെന്‍ഡിലെ പുതിയ മാറ്റങ്ങള്‍ മൂലമാണ്. നേരത്തെ വിലക്കുറവുള്ള പ്രമുഖ മോഡലായ മാരുതി ഓമ്നി കമ്പനി വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, ഹോണ്ട തുടങ്ങില്‍ പ്രമുഖ കമ്പനികളും ചെറു കാറുകളുടെ വിപണിയില്‍ നിന്നും പിന്മാറാനുള്ള ശ്രമത്തിലാണ്.
രാജ്യത്തെ കാര്‍ വിപണി നിലവില്‍ പൂര്‍ണമായും ഭരിക്കുന്നത് സ്പോര്‍ട്ട്സ് യൂട്ടിലിറ്റി (എസ്.യു.വി) വാഹനങ്ങളാണ്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് മൊത്തം വില്പനയുടെ 40 ശതമാനവും എസ്. യു. വികള്ക്കാണുള്ളത്. ചെറിയ കാറുകള്‍ വില്ക്കാന് രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ക്ക് താത്പര്യമില്ലെന്നാണ് ഈ രംഗത്തെ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്. ചെറു കാര്‍ വില്പനയിലെ മാര്‍ജിന്‍ കുറവായതിനാല്‍ മുന്‍നിര കമ്പനികളെല്ലാം ഈ രംഗത്ത് നിന്നും പിന്മാറുകയാണ്. സാമ്പത്തിക മേഖലയിലെ മികച്ച ഉണര്‍വും കാര്‍ഷിക രംഗത്ത് നിന്നുള്ള വരുമാനത്തിലുണ്ടായ വര്‍ദ്ധനയും ഇന്ത്യയിലെ ആഡംബര കാറുകളുടെ കച്ചവടത്തില്‍ വലിയ ഉണര്‍വ് സൃഷ്ടിക്കുന്നു പ്രമുഖ ലക്ഷ്വറി ബ്രാന്‍ഡുകളായ മേഴ്സിഡസ് ബെന്‍സ്, ഓഡി, ബി.എം.ഡബ്ല്യൂ, ലക്സസ്, ജാഗ്വര്‍ തുടങ്ങിയവയെല്ലാം കഴിഞ്ഞ ആറു മാസത്തിനിടെ മികച്ച വര്‍ദ്ധന വില്‍പ്പനയില്‍ നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]