കോട്ടയം: കുവൈത്തിലെ ബാങ്കിൽ നിന്ന് കോടികൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മലയാളികളെ കണ്ടെത്താൻ ബാങ്ക് ഉദ്യോഗസ്ഥർ കേരളത്തിലെത്തി.
ബാങ്കിന്റെ പരാതിയെ തുടർന്ന് കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടുപേർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. വൈക്കം, തലയോലപ്പറമ്പ്, വെള്ളൂർ, കടുത്തുരുത്തി, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുവൈത്തിലെ അൽ അഹ്ലി ബാങ്കിന്റെ ചീഫ് കൺസ്യൂമർ ഓഫീസറാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയത്. നാല് വർഷം മുൻപ് ബാങ്കിൽ നിന്ന് വൻതുക വായ്പയെടുത്ത ഇവർ, തിരിച്ചടവ് മുടങ്ങിയതോടെ അധികൃതരെ അറിയിക്കാതെ രാജ്യം വിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
വൈക്കം സ്വദേശിനിയായ യുവതിയും തലയോലപ്പറമ്പ്, വെള്ളൂർ സ്വദേശികളായ രണ്ട് യുവാക്കളുമുൾപ്പെടെ നിലവിൽ എട്ടുപേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ബാങ്ക് കൂടുതൽ തെളിവുകൾ ഹാജരാക്കുന്ന മുറയ്ക്ക് പ്രതികളുടെ എണ്ണം വർധിക്കാനാണ് സാധ്യത.
60 ലക്ഷം രൂപ മുതൽ 1.20 കോടി രൂപ വരെ തിരിച്ചടയ്ക്കാനുള്ളവർ പ്രതികളുടെ പട്ടികയിലുണ്ട്. 2020-ലാണ് ഇവർ വായ്പയെടുത്തത്.
തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 2022-ൽ ബാങ്ക് നിയമനടപടികൾ ആരംഭിച്ചപ്പോഴാണ് ഇവർ രാജ്യം വിട്ട വിവരം പുറത്തറിയുന്നത്.
കുവൈത്തിൽ നിന്ന് കടന്ന പ്രതികൾ മറ്റ് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തുവരികയാണെന്നാണ് ലഭിക്കുന്ന വിവരം. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]