
ദില്ലി: ഇന്ത്യക്കാരുടെ ആധാറും പാന്‍ കാര്‍ഡും അടക്കമുള്ള സുപ്രധാന വ്യക്തി വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ച വിവിധ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ശക്തമായ നടപടി സ്വീകരിച്ചത്. വെബ്സൈറ്റുകള്‍ ആധാര്‍ ചട്ടം ലംഘിക്കുന്നതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പരാതി നല്‍കിയിരുന്നു.
ആധാര്‍ നമ്പറും മറ്റ് വിവരങ്ങളുമാണ് ഈ വെബ്സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഇത്തരം സ്വകാര്യ വിവരങ്ങള്‍ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത് വലിയ സുരക്ഷാ ആശങ്ക സൃഷ്ടിച്ചിരുന്നു. കൂടുതല്‍ ഡാറ്റ ചോര്‍ച്ചയുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം എന്ന നിലയ്ക്ക് കൂടിയാണ് വെബ്സൈറ്റുകള്‍ക്കെതിരെ ഐടി മന്ത്രാലയം ശക്തമായ നടപടികളിലേക്ക് നീണ്ടത്.
ഇപ്പോള്‍ വിലക്കിയിരിക്കുന്ന വെബ്സൈറ്റുകളെ കുറിച്ച് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-In) അന്വേഷണം നടത്തിയിരുന്നു. ഈ വെബ്സൈറ്റുകളില്‍ ഏറെ സുരക്ഷാ വീഴ്ചകളുണ്ട് എന്നായിരുന്നു സര്‍ക്കാര്‍ ഏജന്‍സിയുടെ കണ്ടെത്തല്‍. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളും നടപടികളും സെര്‍ട്ട്-ഇന്‍ നിര്‍ദേശിച്ചിരുന്നു. വളരെ സെന്‍സിറ്റിവായ ഡാറ്റകള്‍ കൈകാര്യം ചെയ്യുന്ന വെബ്സൈറ്റുകള്‍ ഡിസൈനിലും ഡെവലപ്മെന്റിലും പ്രദര്‍ശനത്തിലുമടക്കം നിര്‍ബന്ധമായും പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണന്നും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എര്‍ജന്‍സി റെസ്പോണ്‍സ് ടീം അറിയിച്ചിരുന്നു.
രാജ്യത്ത് വെബ്സൈറ്റുകളില്‍ അധാര് ഉള്‍പ്പടെയുള്ള വ്യക്തിവിവരങ്ങള്‍ അനുമതിയില്ലാതെ പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണ്. ഡാറ്റാ ലീക്ക് നടന്നു എന്ന സംശയം തോന്നിയാല്‍ പരാതിപ്പെടാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]