
തിരുവനന്തപുരം: തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ബിജെപിക്ക് കളമൊരുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. പികെ ബിജുവിനും എസി മൊയ്തിനുമെതിരെ ഒരു തെളിവും കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞിട്ടില്ലെന്നും അരവിന്ദാക്ഷനെ മർദ്ദിച്ച് മറ്റുള്ളവരുടെ പേര് പറയിപ്പിക്കാൻ ശ്രമിച്ചെന്നും മന്ത്രി വിഎൻ വാസവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നെ മർദ്ദിച്ച കാര്യം അരവിന്ദാക്ഷൻ പറഞ്ഞതിലെ പ്രതികാരം തീർക്കുകയാണ് ഇഡി എന്നും വിഎൻ വാസവൻ കൂട്ടിചേർത്തു. കേരളത്തിൽ മറ്റ് പല ബാങ്കുകൾക്കുമെതിരെ ആക്ഷേപമുണ്ടായിട്ടും എന്ത് കൊണ്ടാണ് ഇഡി അവിടെ ഇടപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു.
കരവന്നൂരിലെ നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടമാകില്ലെന്നും കണ്ടലയിലെ നിക്ഷേപകർക്ക് പണം തിരികെനൽകുമെന്നും വാസവൻ പറഞ്ഞു. ഇവിടുങ്ങളിലെ കുറ്റക്കാരിൽ നിന്ന് പണം ഈടാക്കുമെന്നും കുറ്റൂരിലെ ക്രമക്കേട് സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്നും വാസവൻ പറഞ്ഞു. പുതിയ സഹകരണ ഭേദഗതി അനുസരിച്ച് ബിനാമി ഇടപാടുകൾ ശക്തമായി ചെറുക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം പാർട്ടി അരവിന്ദാക്ഷനൊപ്പമാണെന്ന് സിപിഎം തൃശൂർ ജില്ല സെക്രട്ടറി എംഎം വർഗീസ് അറിയിച്ചിരുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷനെ ഇഡി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സഹകരണ മേഖലയെ തകർക്കാനാണ് ഇഡിയുടെ ശ്രമമെന്നും എംഎം വര്ഗീസ് ആരോപിച്ചു. സിപിഎം നേതാക്കളെ വേട്ടയാടുകയാണ് ഇഡിയുടെ ലക്ഷ്യമെന്നും എസി മൊയ്തീൻ അടക്കമുള്ള പാർട്ടി നേതാക്കളിലേക്ക് കേസ് എത്തിക്കാനുളള നീക്കവും നടക്കുന്നുണ്ടെന്നും എംഎം വർഗീസ് ആരോപിച്ചു.
Last Updated Sep 27, 2023, 2:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]