
ദില്ലി: വൻ ജനപങ്കാളിത്തത്തിലൂടെ ജി20 -ക്ക് സുപ്രധാന നേട്ടമെന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്ര. 1.5 കോടി ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തിന് ഇന്ത്യയുടെ ജി20 അധ്യക്ഷത സാക്ഷ്യം വഹിച്ചെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ ജി20 യൂണിവേഴ്സിറ്റി കണക്റ്റ് ഫിനാലെയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോധവൽക്കരണ റാലികൾ, സ്മാരകങ്ങൾക്കൊപ്പം സെൽഫി മത്സരങ്ങൾ, ഉപന്യാസ-ക്വിസ് മത്സരങ്ങൾ, ശിൽപ്പശാലകൾ, മാരത്തണുകൾ, ശുചിത്വ യജ്ഞങ്ങൾ, യുവ സംവാദം തുടങ്ങിയ പരിപാടികളിലൂടെ ജി20യുടെ ലക്ഷ്യങ്ങൾ രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജി20 അഖിലേന്ത്യാതല പരിപാടി ആകണമെന്നതും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അനുബന്ധപരിപാടികൾ നടത്തണമെന്നതും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടായിരുന്നു. അത്തരത്തിൽ ജി20 വികേന്ദ്രീകരിക്കപ്പെടുകയും ജനാധിപത്യവൽക്കരിക്കുകയും രാജ്യത്തിന്റെ ഓരോ കോണിലും എത്തിച്ചേരുകയും ചെയ്തു. ഓരോ സംസ്ഥാനവും പ്രതിനിധികളുടെ മനസിൽ സവിശേഷമായ സാംസ്കാരികമുദ്ര പതിപ്പിച്ചു. അതിലൂടെ ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ചുള്ള ആശയം ലോകത്തിനു നൽകി – മിശ്ര പറഞ്ഞു.
ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ പ്രധാന മുൻഗണന ഏവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ലോകം സൃഷ്ടിക്കുക എന്നതായിരുന്നു. ഗ്ലോബൽ സൗത്തിന്റെ ശബ്ദം ഇനി അവഗണിക്കപ്പെടില്ല. ആഫ്രിക്കൻ യൂണിയനെ ജി20യിലെ സ്ഥിരാംഗമായി സ്വാഗതം ചെയ്യാനുള്ള ഇന്ത്യയുടെ നിർദേശം അംഗീകരിച്ചതാണ് ഇക്കാര്യത്തിലെ ഏറ്റവും വലിയ നേട്ടം. ജി20 അധ്യക്ഷപദം യുവാക്കൾക്കായി പുതിയ വഴികൾ തുറക്കും. നൂതനാശയങ്ങളുടെ ഈ യുഗത്തിൽ മുൻനിരക്കാരായി അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ടത് ഇന്ത്യയുടെ കഴിവുറ്റ മനസുകളാണ്. ‘ഭാവി പ്രവചിക്കാനുള്ള ഏറ്റവും നല്ല മാർഗം അതു സൃഷ്ടിക്കുക എന്നതാണ്’ എന്ന എ പി ജെ അബ്ദുൾ കലാമിന്റെ പ്രസിദ്ധമായ ഉദ്ധരണിയോടെയാണു മിശ്ര പ്രസംഗം അവസാനിപ്പിച്ചത്.
Last Updated Sep 27, 2023, 12:21 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]