
കൊല്ലം: കൊല്ലം കടയ്ക്കലിൽ പി എഫ് ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന വ്യാജ പരാതിയിൽ സൈനികനും സുഹൃത്തും അറസ്റ്റിലായതിന് പിന്നാലെ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ‘പി എഫ് ഐ’ എന്ന് ശരീരത്തിൽ എഴുതിയെന്ന വ്യാജ പരാതി നൽകിയതിന് പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ച് കടയ്ക്കല്‍ സ്വദേശി ഷൈൻ കുമാറും ജോഷിയും അറസ്റ്റിലായതോടെയാണ് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്. പ്രശസ്തിക്ക് വേണ്ടിയാണ് ചെയ്തതെന്നാണ് രാവിലെ പറഞ്ഞതെങ്കിൽ, പിന്നീട് ജോലിയിൽ മെച്ചപ്പെട്ട സ്ഥാനം കിട്ടാൻ കൂടിയായിരുന്നു ‘പി എഫ് ഐ’ നാടകമെന്നാണ് ഇവർ വ്യക്തമാക്കിയത്. ‘പി എഫ് ഐ’ വിഷയത്തിലൂടെ ദേശീയ ശ്രദ്ധ നേടി ജോലിയിൽ മെച്ചപ്പെട്ട സ്ഥാനം കിട്ടുമെന്നാണ് കരുതിയതെന്നും സൈനികനും സുഹൃത്തും വിവരിച്ചു.
അതേസമയം വ്യാജ പരാതിയുമായി ബന്ധപ്പെട്ട് കലാപ ശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് സൈനികനായ ഷൈനിനെയും സുഹൃത്ത് ജോഷിയെയും അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വ്യാജ പരാതിക്ക് പിന്നിൽ അഞ്ച് മാസത്തെ ആസൂത്രണം പ്രതികള്‍ നടത്തിയെന്നും പൊലീസ് വിവരിച്ചു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പെയിന്റും ബ്രഷും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുന്ന വഴിയായിരുന്നു ആക്രമണമെന്നായിരുന്നു കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാറിന്റെ പരാതി. തന്നെ മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐയുടെ പേര് ശരീരത്തില്‍ ചാപ്പ കുത്തിയെന്നായിരുന്നു ഷൈന്‍ കുമാർ പൊലീസിൽ നൽകിയ പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നാലെ കണ്ടാലറിയുന്ന ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ സൈന്യവും അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണത്തിലാണ് യഥാർത്ഥ സംഭവം വെളിവായത്. എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സൈനികനെ ചോദ്യം ചെയ്യ്തെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും കടയ്ക്കല്‍ പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കി.
Last Updated Sep 26, 2023, 7:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]