
പാരീസ്: ലോകകപ്പ് നേടിയതിന് ശേഷം പി എസ് ജി തന്നെ ആദരിച്ചില്ലെന്ന അര്‍ജന്റീന നായകന് ലിയോണൽ മെസിയുടെ വിമർശനത്തിന് മറുപടിയുമായി ഫ്രഞ്ച് ക്ലബ്. മെസിക്ക് അർഹമായ ആദരം നൽകിയിട്ടുണ്ടെന്ന് പി എസ് ജി പ്രസിഡന്റ് നാസർ അൽ ഖലൈഫി വ്യക്തമാക്കി. ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റൈൻ ടീമിൽ സ്വന്തം ക്ലബിന്റെ ആദരം കിട്ടാതിരുന്ന ഏകതാരം താനായിരുന്നുവെന്നായിരുന്നു ലിയോണൽ മെസിയുടെ പരിഭവം.
ലോകകപ്പ് നേടിയശേഷം പി എസ് ജിയില്‍ തിരിച്ചെത്തിയ മെസിയ പരിശീലന സമയത്തും വ്യക്തിപരമായും അഭിനന്ദിച്ചിരുന്നുവെന്ന് നാസർ അൽ ഖലൈഫി പറഞ്ഞു. ഇതിന്റെ വീഡിയോയും ക്ലബ് പുറത്തിറക്കി. മെസിയോട് വളരെയേറെ ബഹുമാനമുള്ള ക്ലബാണ് പി എസ് ജി. ഫ്രഞ്ച് ക്ലബായതിനാൽ പി എസ് ജിയുടെ മൈതാനത്ത് മെസിക്ക് ആദരം നൽകാൻ കഴിയുമായിരുന്നില്ല. കാരണം ഫ്രാൻസിനെ തോൽപിച്ചാണല്ലോ അർജന്റീന ലോകകപ്പ് നേടിയത്.
അതുകൊണ്ടുതന്നെ മെസിയ്ക്ക് പരസ്യമായ ആദരം നല്‍കുന്നതിന് മുമ്പ് ഫ്രഞ്ച് താരങ്ങളെയും ആരാധകരെയും പി എസ് ജിക്ക് പരിഗണിക്കണമായിരുന്നുവെന്നും നാസർ അൽ ഖലൈഫി പറഞ്ഞു. ഖത്തറില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് അര്‍ജന്റീന മൂന്നാം ലോകകപ്പ് നേടിയത്. നിശ്ചിത സമത്ത് 2-2 സമനിലയായ മത്സരത്തിന്റെ അധിക സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. പിന്നീടായിരുന്നു മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
2021ൽ ബാഴ്സലോണയിൽ നിന്നാണ് മെസി പി എസ് ജിയിലേക്ക് ചേക്കേറിയത്. രണ്ടു സീസണിൽ ഫ്രഞ്ച് ക്ലബിൽ കളിച്ചെങ്കിലും തന്റെ സ്വാഭാവിക മികവിലേക്കുയരാൻ മിക്കപ്പോഴും മെസിക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് കരാർ പുർത്തിയാക്കിയ മെസി അമേരിക്കൻ ക്ലബ് ഇന്റർ മയാമിയിലേക്ക് ചേക്കേറിയതും തന്റെ യഥാർഥ മികവ് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
Last Updated Sep 26, 2023, 10:04 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]