
കൊച്ചി∙ ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട ഒട്ടേറെ പേരെ സംരക്ഷിച്ചിട്ടുള്ള മുഖ്യമന്ത്രി ഇന്ത്യയിൽ വേറെയില്ലെന്നു പ്രതിപക്ഷ നേതാവ്
.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം കണ്ണാടി നോക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഒരു വിരൽ തനിക്കു നേരെ ചൂണ്ടുമ്പോൾ നാലു വിരലുകൾ സ്വന്തം നേർക്കാണ് ചൂണ്ടുന്നത്.
ബിജെപി നേതാവ് സി.കൃഷ്ണകുമാറിനെതിരെ ഒരു സ്ത്രീ ഉന്നയിച്ച ആരോപണത്തെ കുറിച്ച് ബിജെപി നേതൃത്വം മറുപടി പറയണമെന്നും സതീശൻ കൊച്ചിയിൽ ആവശ്യപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തിൽ വിഷയം തങ്ങൾക്ക് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ബലാത്സംഗ കേസിൽ പ്രതിയായ ആളാണ് പിണറായിക്കൊപ്പമിരുന്ന് കൈ പൊക്കുന്ന എംഎൽഎ എന്ന് സതീശൻ പറഞ്ഞു.
ലൈംഗിക അപവാദം നേരിട്ട ആളാണ് മന്ത്രിസഭയിൽ കൂടെയുള്ളത്.
താക്കോൽ സ്ഥാനങ്ങളിലാണ് ആരോപണവിധേയരായ പലരും സിപിഎമ്മിലുള്ളത്. ഇവർക്കൊക്കെ എതിരെ എന്തു നടപടി എടുത്തെന്നും സതീശൻ ചോദിച്ചു.
എല്ലാവരും ബഹുമാനിക്കുന്ന മുതിർന്ന സിപിഎം നേതാവ് നൽകിയ പരാതിയില്‍ ആരോപണവിധേയനായ വ്യക്തി മുഖ്യമന്ത്രിയുടെ അടുത്തിരിക്കുന്നുവെന്നും എന്നാൽ പരാതി നൽകിയ ആളെ ഒതുക്കിയെന്നും സതീശൻ ആരോപിച്ചു.
‘‘മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ആൾ വൈകുന്നേരം എവിടെ ആയിരുന്നു എന്ന് അന്വേഷിച്ചിരുന്നോ? ഐബിയും സ്പെഷൽ ബ്രാഞ്ചും അടക്കം എല്ലാം ഉണ്ടായിട്ടും വൈകിട്ടായാൽ പ്രിൻസിപ്പൽ സെക്രട്ടറി എവിടെ പോകുന്നു എന്ന് മുഖ്യമന്ത്രി അന്വേഷിച്ചോ? ആ അവതാരം എത്ര സിപിഎം നേതാക്കളുടെ, മന്ത്രിമാരുടെ, സ്പീക്കറുടെ പേര് പറഞ്ഞു? ആർക്കെങ്കിലും എതിരെ കേസെടുത്തോ? ഒരു മാനനഷ്ട കേസ് എങ്കിലും ആരെങ്കിലും കൊടുത്തോ’’, സതീശന് ചോദിച്ചു.
എന്നിട്ട് ആ മുഖ്യമന്ത്രി തന്റെ നേർക്കാണ് വിരൽ ചൂണ്ടുന്നതെന്നും ആരോപണ വിധേയരായ ഇത്രയധികം പേരെ സംരക്ഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയില്ലെന്നും സതീശൻ പറഞ്ഞു.
സി.കൃഷ്ണകുമാറിനെതിരെയുള്ള ആരോപണത്തെ കുറിച്ച് ബിജെപി നേതൃത്വം വിശദീകരിക്കണം. തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീ ആരെന്ന് വെളിപ്പെടുത്തുന്ന രീതിയിലാണ് സി.കൃഷ്ണകുമാർ പ്രതികരിച്ചതെന്ന് സതീശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഭയങ്കരമായി പൊട്ടിത്തെറിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഈ വിഷയത്തിൽ എന്താണ് പറയുന്നതെന്ന് കേൾക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]