ദുബായ്: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെ പാകിസ്ഥാന് ക്രിക്കറ്റ് ടീമിന് ഐസിസിയുടെ ശിക്ഷ.കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ പാകിസ്ഥാന്റെ ആറ് പോയന്റ് വെട്ടിക്കുറച്ചു. ചരിത്രവിജയം നേടിയ ബംഗ്ലാദേശിനും ഐസിസിയുടെ പിഴശിക്ഷയുണ്ട്.കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ബംഗ്ലാദേശിന്റെ മൂന്ന് പോയന്റാണ് ഐസിസി വെട്ടിക്കുറച്ചത്.
നിശ്ചിത സമയത്ത് പാകിസ്ഥാന് ആറോവര്‍ കുറച്ചാണ് എറിഞ്ഞിരുന്നത്.ബംഗ്ലാദേശാകട്ടെ മൂന്നോവറും പിന്നിലായിരുന്നു.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനായി വാശിയേറിയ മത്സരം നടക്കുന്നതിനിടെ ആറ് പോയന്റുകള്‍ ഒറ്റയടിക്ക് നഷ്ടമായത് പാകിസ്ഥാന് കനത്ത പ്രഹരമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് ടേബിളില്‍ 16 പോയന്റും 30.56 വിജയശതമാനവുമായി നിലവില്‍ എട്ടാം സ്ഥാനത്താണ് പാകിസ്ഥാൻ.ബംഗ്ലാദേശാകട്ടെ ഇന്നലത്തെ ജയത്തോടെ 21 പോയന്റും 40 വജയശതമാവുമായി പാകിസ്ഥാനെ മറികടന്ന് ആറാം സ്ഥാനത്തെത്തി.
വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ പുതിയ ലീഗില്‍ ചേരാന്‍ കരാറൊപ്പിട്ട് ശിഖര്‍ ധവാന്
പാകിസ്ഥാനെതിരായ റാവല്‍പിണ്ടി ടെസ്റ്റില്‍ ബംഗ്ലാദേശ് 10 വിക്കറ്റിനാണ് ജയിച്ചത്.117 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയശേഷം രണ്ടാം ഇന്നിംഗ്സില്‍ പാകിസ്ഥാനെ 146 റൺസിന് പുറത്താക്കിയ ബംഗ്ലാദേശ് വിജയലക്ഷ്യമായ 30 റണ്‍സ് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തു.ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ബംഗ്ലാദേശിന്റെ ആദ്യ ജയമാണിത്. പാകിസ്ഥാനെ സ്വന്തം നാട്ടില്‍ 10 വിക്കറ്റിന് തോല്‍പ്പിക്കുന്ന ആദ്യ ടീമെന്ന നേട്ടവും ബംഗ്ലാദേശ് സ്വന്തമാക്കി.
എതിരാളികള്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തശേഷം ബംഗ്ലാദേശ് നേടുന്ന ആദ്യ ജയം കൂടിയാണിത്. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി.ഈ മാസം 30 മുതല്‍ റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ തന്നെയാണ് പാകിസ്ഥാന്-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റും നടക്കുന്നത്. ഈ മത്സരം തോല്‍ക്കുകയോ സമനിലയാവുകയോ ചെയ്താല്‍ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനോട് പാകിസ്ഥാന് ടെസ്റ്റ് പരമ്പര തോല്‍വി വഴങ്ങും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]