ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന വീഴ്ചകള്‍ കൊണ്ട് പൊതുജനങ്ങളില്‍ നിന്ന് പരാതികളുണ്ടാകരുതെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ വ്യക്തമാക്കി.
തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന റവന്യൂ വകുപ്പ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിമാലിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ ഓണത്തിനു മുന്‍പ് വിതരണം ചെയ്യുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.
ഇടുക്കിയിലെ സങ്കീര്‍ണമായ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും, മറ്റു ജില്ലകളില്‍ നിന്നു വ്യത്യസ്തമായ ഭൂപ്രശ്നങ്ങളാണ് ഇവിടെയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 60 ലധികം വര്‍ഷം പഴക്കമുള്ള നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്ക്കരിക്കേണ്ടതുണ്ട്.
ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും രണ്ടാം ഭൂപരിഷ്ക്കരണ നിയമമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങള്‍ക്കും ഭൂപരിഷ്ക്കരണത്തിന്റെ നേട്ടം ലഭ്യമാകുന്നതോടൊപ്പം അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള തടസങ്ങളും നീക്കും.
സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.
ദിനേശന് ചെറുവാട്ട് ജില്ലയിലെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. 2011 മുതല്‍ ജില്ലയില്‍ ആകെ 54485 എല്‍എ പട്ടയങ്ങളും 258 എല്‍ടി പട്ടയങ്ങളും 4421 മിച്ചഭൂമി പട്ടയങ്ങളും മൂന്ന് ദേവസ്വം പട്ടയങ്ങളുമാണ് വിതരണം ചെയ്തിട്ടുള്ളത്.
55214 എല്‍എ പട്ടയ അപേക്ഷകളും 237 എല്‍ടി പട്ടയ അപേക്ഷകളും രണ്ട് ദേവസ്വം പട്ടയ അപേക്ഷകളുമാണ് ഇനി തീര്‍പ്പാക്കാനുള്ളത്. ജില്ലയിലെ മിച്ചഭൂമി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
പട്ടികജാതി, പട്ടിക വര്‍ഗ ഉന്നതികളിലെ പട്ടയ വിവരങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. പട്ടികവര്‍ഗ ഉന്നതികളിലെ 800 ലധികം കൈവശങ്ങള്‍ക്ക് 2001 ചട്ടപ്രകാരം പട്ടയം അനുവദിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്.
അനധികൃത കൈയേറ്റവുമായി ബന്ധപ്പെട്ട് ആകെ 473 കേസുകളാണ് നിലവിലുള്ളത്. ഇതില്‍ 112 കേസുകളില്‍ കൈയേറ്റം ഒഴിപ്പിച്ചു.
ആകെ 234.20 ഹെക്ടര്‍ ഭൂമിയാണ് ഇത്തരത്തില്‍ ഒഴിപ്പിച്ചത്. ജില്ലയിലെ മൊത്തത്തിലുള്ള ഡിജിറ്റല്‍ സര്‍വേ 13.07% ആണ് പൂര്‍ത്തിയായത്.
ആകെയുള്ള 68 വില്ലേജുകളില്‍ 44 വില്ലേജുകളിലാണ് സര്‍വേ നടക്കുന്നത്. ആറു വില്ലേജുകളില്‍ സര്‍വേ പൂര്‍ത്തിയായി.
30 വില്ലേജുകളില്‍ പുരോഗമിക്കുന്ന സര്‍വേ എട്ട് വില്ലേജുകളില്‍ ഇനിയും ആരംഭിക്കാനുണ്ട്. ഡിജിറ്റല്‍ സര്‍വേ നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി പ്രത്യേക നിര്‍ദേശം നല്കി.
ജില്ലയില്‍ 29 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് 2022 മുതലുള്ള കണക്ക് പ്രകാരം 804 അപേക്ഷകളില്‍ ധനസഹായം അനുവദിച്ചു.
125 അപേക്ഷകളാണ് ഇനി തീര്‍പ്പാക്കാനുള്ളത്. റവന്യൂ വകുപ്പിന് കൂടുതല്‍ വാഹനം ലഭ്യമാക്കാനും കൂടുതല്‍ സര്‍വേയര്‍മാരെ നിയമിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇതിനാവശ്യമായ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകും. താത്കാലികമായി കൂടുതല്‍ സര്‍വേയര്‍മാരെ നിയമിക്കുന്നതും പരിഗണനയിലുണ്ട്.
ഇടുക്കിയിലെ ദുഷ്ക്കരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി ഉറപ്പുനൽകി. ജില്ലയില്‍ ജോലി ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥര്‍ വളരെ വേഗം സ്ഥലംമാറിപ്പോകുന്നത് ജില്ലാ കളക്ടര്‍ യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
തുടർന്നാണ് ക്വാര്‍ട്ടേഴ്സ് ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്. യോഗത്തില്‍ റവന്യൂ വകുപ്പ് സെക്രട്ടറി ജീവന്‍ബാബു, സര്‍വേ വകുപ്പ് ഡയറക്ടര്‍ ഡോ.
അരുണ്‍ ജെ.ഒ., ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മിനി കെ.
ജോണ്‍ എന്നിവരുള്‍പ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

