അബുദാബിയിൽ മെയിന്റനൻസ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന മലയാളിയായ സുനിൽ കുമാർ സദാശിവൻ, യു.എ.ഇ ലോട്ടറിയുടെ ഏറ്റവും പുതിയ ലക്കി ഡേ ഡ്രോയിൽ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയിരിക്കുന്നു. സുഹൃത്തിനൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് 52 കാരനായ ഈ തിരുവനന്തപുരം സ്വദേശിക്ക് ഈ വലിയ ഭാഗ്യം തേടിയെത്തിയത്.
2006-ൽ ആദ്യമായി യുഎഇയിലെത്തിയ അദ്ദേഹം, ജീവിതത്തിൽ ലഭിച്ച അവസരങ്ങൾക്ക് ആ രാജ്യത്തോടുള്ള തന്റെ കടപ്പാട് വ്യക്തമാക്കുന്നു. സഹപ്രവർത്തകരിൽ നിന്നാണ് ലോട്ടറിയെക്കുറിച്ച് ആദ്യമായി അറിയുന്നതെന്നും, “ഒരു തവണ ഭാഗ്യം കിട്ടിയാലോ” എന്ന ചിന്തയിൽ രണ്ട് മാസം മുമ്പാണ് സ്ഥിരമായി ടിക്കറ്റ് എടുക്കാൻ തുടങ്ങിയതെന്നും സുനിൽ കുമാർ പറഞ്ഞു.
തുടർന്ന് ഒരു സുഹൃത്തിനൊപ്പം ചേർന്ന് ടിക്കറ്റ് എടുക്കുകയായിരുന്നു. ഈ ലക്കി ഡേ ഡ്രോയിൽ റാൻഡമായാണ് നമ്പറുകൾ തിരഞ്ഞെടുക്കാറുള്ളതെങ്കിലും, ഇത്തവണ 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച തന്റെ മകളുടെ ജന്മദിനവും ഭാര്യയുടെയും സ്വന്തം ജന്മദിനവും ഉൾപ്പെടെയുള്ള കുടുംബത്തിലെ പ്രധാന തീയതികളാണ് നമ്പറുകളായി തിരഞ്ഞെടുത്തത്.
ജൂലൈ 1-ാം തീയതി രാത്രി 9.30-ന് നടന്ന ഡ്രോയുടെ നമ്പറുകൾ 9.45-ഓടെ പരിശോധിച്ചപ്പോഴാണ് എല്ലാ നമ്പറുകളും ഒത്തുവന്നതായി മനസ്സിലായത്. ചെറിയൊരു തുക കിട്ടിയാൽ മതിയെന്ന് കരുതിയിരുന്ന തനിക്ക് ഈ വിജയം പൂർണ്ണമായും അപ്രതീക്ഷിതമായിരുന്നുവെന്നും, വാർത്തയറിഞ്ഞ് രണ്ട് ദിവസത്തോളം ഭാര്യക്ക് സന്തോഷം കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനൊപ്പം സമ്മാനത്തുക തുല്യമായി പങ്കിടുമെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടിലേക്ക് തിരിച്ചുപോയി കുറച്ചു സമയം വിശ്രമിക്കുക, വീട് പണി പൂർത്തിയാക്കുക, കാർ വാങ്ങുക, കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരിക എന്നിവയാണ് അദ്ദേഹത്തിന്റെ ഭാവി പദ്ധതികൾ.
ഒപ്പം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെയും വീടില്ലാത്തവരെയും സഹായിക്കുമെന്നും നാട്ടിൽ സ്ഥിരതാമസമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

