പുതുപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപമുള്ള ഇരുനില കെട്ടിടം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ. അൻപത് വർഷത്തിലധികം പഴക്കമുള്ള ഈ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നത് പ്രദേശത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
നിർമ്മിതിയുടെ വിവിധ ഭാഗങ്ങളിൽ കോൺക്രീറ്റ് തകർന്ന് ഇരുമ്പ് കമ്പികൾ പുറത്തേക്ക് കാണാവുന്ന നിലയിലായതോടെ വ്യാപാരികളും യാത്രക്കാരും ഭയത്തോടെയാണ് ഇതുവഴി കടന്നുപോകുന്നത്. റോഡരികിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുൻഭാഗത്തുനിന്ന് അടർന്നു വീഴുന്ന കോൺക്രീറ്റ് ചീളുകൾ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ഷീറ്റുകളിലേക്കാണ് പതിക്കുന്നത്.
കൂടാതെ, കടകൾക്കുള്ളിലെ സീലിംഗ് ഭാഗങ്ങളും അടർന്നു വീഴുന്നുണ്ട്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ കോൺക്രീറ്റ് അടർന്നു വീണതിനെ തുടർന്ന് ഇവിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
എന്നാൽ, അന്ന് നടത്തിയ താൽക്കാലിക നവീകരണ പ്രവർത്തനങ്ങൾ യാതൊരുവിധ ശാശ്വത പരിഹാരവും കാണാൻ സഹായിച്ചില്ല. കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലം ബലക്ഷയം അതിരൂക്ഷമായതിനാൽ, ഇനി അറ്റകുറ്റപ്പണികൾ നടത്തുന്നതിന് പകരം കെട്ടിടം പൂർണ്ണമായി പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ശക്തമായ ആവശ്യം.
ബസ് സ്റ്റാൻഡിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് എത്തിച്ചേരുന്നത്. ജനത്തിരക്കേറിയ ഈ ഭാഗത്ത് വൻ ദുരന്തം ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട
അധികാരികൾ അടിയന്തരമായി പരിശോധന നടത്തി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

