

First Published Jul 26, 2024, 8:29 PM IST
“പുഴയിൽ വെള്ളം കൂടിയപ്പോള്‍ തന്നെ ഞങ്ങൾക്ക് അപകടം മനസിലായി. അക്കരെ മലമുകളിൽ നിന്ന് വലിയൊരു ശബ്ദവും കേട്ടു. വയലിലെ പണി നിർത്തി ചിലർ ഓടി…”ഗ്രാമവാസിയായ റമൺ ഗൗഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഷിരൂർ ദേശീയപാത ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ പടുകൂറ്റൻ മല വന്നു വീണത് വിശാലമായി പരന്നൊഴുകുന്ന ഗംഗാവലി നദിയിലേക്കാണ്. അന്ന് അപകടം നടന്നപ്പോള്‍ അർജുന്റെ ലോറി കിടക്കുന്ന ലോറിത്തവളത്തിന് എതിരെ നദിക്ക് അക്കരെയാണ് ‘ഉളുവരെ’ എന്ന ഗ്രാമം. ഗ്രാമമെന്ന് തീര്‍ത്തു പറയാന്‍ പറ്റില്ല. വയലും, തെങ്ങിൻ തോപ്പും ചെറു വീടുകളുമുള്ള ചെറിയൊരു ജനവാസ മേഖല.
ഇന്ന് ആ പ്രദേശത്ത് നിന്നും പുഴയ്ക്കക്കരെ നോക്കിയാല്‍ ആകാശത്തോളം ഉരുളുപൊട്ടിയടര്ന്ന കൂറ്റന്‍ ഷിരൂർ മലനിരകൾ കാണാം. പച്ച പുതച്ച് നിന്നിരുന്ന മല ഇന്ന് അടര്‍ത്തി മാറ്റിയത് പോലെയാണ്. ചുവന്ന നിറത്തില്‍… കിലോമീറ്ററുകൾ നീളത്തിൽ ഇനിയും ഏതു നിമിഷവും പൊട്ടി അടർന്നു വീഴാവുന്ന ആ കൂറ്റന്‍ മലനിരകളുടെ കാഴ്ച വല്ലതെ ഭയപ്പെടുത്തും. ദൃശ്യങ്ങളിൽ കാണുന്നതിനേക്കാൾ ഭീകരമാണ് ആ വഴികളിലൂടെ യാത്ര ചെയുമ്പോൾ.
ഷിരൂർ മുതൽ 5 കിലോമീറ്ററോളം ദേശീയപാത 66 -ന് വേണ്ടി ആശാസ്ത്രീയമായി മണ്ണിടിച്ചിരുന്നു. അതാണ് ഇടിഞ്ഞു തൂങ്ങി ഏതു നിമിഷവും നിലം പോത്താൻ തക്ക വണ്ണം നിൽക്കുന്നത്. സമാനമായ ഒരു ദുരന്തം ആവര്‍ത്തിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഇപ്പോഴത്തേതിനേക്കാള്‍ ഭീകരമായിരിക്കും.
അന്നത്തെ അപകടത്തെ കുറിച്ച് പ്രദേശവാസികള്‍ ഓര്‍ക്കുന്നത് ഇങ്ങനെയാണ്, ‘മഴ പെയ്ത് നദിയിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നിരുന്നു. പെട്ടെന്നാണ് അക്കരെ നിന്നും വലിയൊരു ശബ്ദം കേട്ടത്. ഈ സമയം വയലില്‍ പണിയെടുത്തു കൊണ്ടിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. വീടുകളില്‍ നിന്നും ആളുകള്‍ പ്രാണരക്ഷാര്‍ത്ഥം ഓടി. പിന്നാലെ മലയിടിഞ്ഞ് നദിയിലേക്ക് പതിച്ചു. ഉരുളുപൊട്ടലിന്റെ ശക്തിയും അത് നദിയില്‍ വന്ന് പതിച്ച വേഗവും മൂലം നദിയിലെ വെള്ളം ഇക്കരയിലെ വീടുകളുടെ മുകളിക്ക് ഉയര്‍ന്നു. ഇക്കരയില്‍ നിന്നും വന്ന വേഗത്തില്‍ തന്നെ വെള്ളം തിരികെ ഇറങ്ങിയപ്പോള്‍ ഒറ്റ വീടുകള്‍ പോലും ബാക്കിയുണ്ടായില്ല. ചില വീടുകള്‍ക്ക് തറ മാത്രമാണ് ഇന്ന് ബാക്കി.’
ഒരു കരയില്‍ നിന്നും മണ്ണിടിഞ്ഞ് ഗംഗാവലിൽ പതിച്ചപ്പോള്‍ മറുകരയിലേക്ക് കൂറ്റൻ തിരമാല കണക്കായിരുന്നു വെള്ളം ഉയര്‍ന്ന് കയറിയത്. പതിനഞ്ചോളം പേര്‍ക്കാണ് അന്ന് അപകടത്തില്‍ പരിക്കേറ്റത്. ആറ് വീടുകൾ പൂർണ്ണമായും തകർന്നു. മുപ്പത്തോളം കുടുംബങ്ങളാണ് ആണ് ഇവിടെ താമസിച്ചിരുന്നത്. എല്ലാം സാധാരണക്കാർ, കൃഷിയും മത്സ്യബന്ധനവും തൊഴിലാക്കിയവർ. നദിക്കരയില്‍ കെട്ടിയിട്ടിരുന്ന തോണികളെല്ലാം തകർന്നു തരിപ്പണമായി. വലകളും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും ഒഴുകി പോയി. വീടുകളുടെ തറ പോലും ബാക്കിയാക്കാതെ ആണ് പുഴ ഉയർന്നു ഒഴുകിയത്.
വളർത്തു മൃഗങ്ങളുടെ കൂടുകൾ തുറന്നു കൊടുക്കാൻ പോലും നേരം കിട്ടിയില്ലെന്ന് ചിലര്‍ വേദനയോടെ പറഞ്ഞു. വളര്‍ത്തുമൃഗങ്ങള്‍ കൂടോടെയാണ് നദിയിലേക്ക് ഒഴുകിയത്. പുഴയോട് ചേർന്ന് പുതുതായി പണിത മണ്ണിട്ട റോഡും കരിങ്കൽ ഭിത്തിയും മുക്കാൽ ഭാഗത്തോളം പൊളിഞ്ഞു. ഒരു വർഷം മുമ്പ് ആറ് കോടിയോളം രൂപ മുടക്കി സർക്കാർ പണിത കരിങ്കൽ ഭിത്തിയാണ് തകർന്നതെന്ന് ഗ്രാമവാസികൾ പറഞ്ഞു. വെള്ളത്തിന്റെ ശക്തിയില്‍ കരിങ്കലുകള് തെറിച്ചത് മീറ്ററുകൾ ദൂരേയ്ക്കാണ്. ഇന്ന് അതെല്ലാം വയലുകളിൽ ചിന്നി ചിതറി കിടക്കുന്നു. നദിക്ക് കുറുകെ പോകുന്ന ഹൈ ടെൻഷൻ ഇലക്ട്രിക് കമ്പികളും അന്ന് പൊട്ടി വീണു. നദിയൊന്ന് ശാന്തമായപ്പോള്‍ ഒഴുകി പോവുകയായിരുന്ന കൂറ്റൻ മരങ്ങൾ ഗ്രാമവാസികൾ തീരത്തേക്ക് അടുപ്പിച്ചു വെച്ചിട്ടുണ്ട്.
ഗംഗാവലി നദി അന്ന് അത്രയ്ക്ക് രോഷം കൊണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇന്ന് ഓരോ മഴ പെയ്യുമ്പോഴും ഉൾവരെ ഗ്രാമക്കാർക്ക് ഭയമാണ്. അവര്‍ മറുകരയിലെ ഷിരൂര്‍ മലനിരകളിലേക്ക് ഭയത്തോടെ നോക്കും. ഇന്ന് ജീവിക്കാൻ പറ്റാത്ത വിധം തകർന്നടിഞ്ഞിട്ടുണ്ട് ഈ ഗ്രാമം. വീട് നഷ്ടപ്പെട്ടവരും പരിക്കേറ്റവരും ഇപ്പോഴും ക്യാമ്പിൽ തന്നെയാണ് കഴിയുന്നത്. ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് ദുരിതാശ്വാസ സഹായമായി 10,000 രൂപയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഭയത്തോടെ ജീവിക്കാൻ ഇവിടെ സാധിക്കില്ലെന്നും തങ്ങളെ പുനരധിവസിപ്പിക്കണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Last Updated Jul 26, 2024, 8:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]