റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഉടൻ നാട്ടിലേക്ക് മടങ്ങും. സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട
കേസിൽ ശിക്ഷാ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മടക്കയാത്രയ്ക്ക് വഴിയൊരുങ്ങുന്നത്. നിലവിൽ എമിഗ്രേഷൻ നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു.
റഹീമിന്റെ മോചന ഉത്തരവിൽ ഇന്നലെ ഉദ്യോഗസ്ഥർ ഒപ്പുവെച്ചതോടെ നിയമപരമായ തടസ്സങ്ങൾ നീങ്ങി. ജയിലിൽ നിന്ന് നാടുകടത്തൽ കേന്ദ്രത്തിലേക്ക് (ഡീപോർട്ടേഷൻ സെന്റർ) മാറ്റിയ ശേഷമായിരിക്കും അദ്ദേഹം നാട്ടിലേക്ക് തിരിക്കുക.
ഇത്തരത്തിൽ പുറത്തിറങ്ങുന്നവരെ തിരികെ പ്രവേശിക്കാൻ വിലക്കേർപ്പെടുത്തിയാണ് നാടുകടത്തുക. റഹീമിനെ സംബന്ധിച്ചിടത്തോളം 20 വർഷത്തെ തടവുശിക്ഷയാണ് കഴിഞ്ഞ ദിവസത്തോടെ പൂർത്തിയായത്.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്.
തുടർന്ന് 2012-ൽ അദ്ദേഹത്തിന് വധശിക്ഷ വിധിക്കപ്പെട്ടിരുന്നു. എന്നാൽ, മരിച്ച ബാലന്റെ കുടുംബത്തിന് ഒന്നര കോടി സൗദി റിയാൽ (ഏകദേശം 34 കോടിയിലധികം ഇന്ത്യൻ രൂപ) ദിയാധനം നൽകിയതിനെ തുടർന്ന് വധശിക്ഷ ഒഴിവാക്കാൻ കോടതി അനുമതി നൽകുകയായിരുന്നു.
പ്രവാസി മലയാളികളടക്കം ഒത്തുചേർന്ന് സമാഹരിച്ച തുകയിലൂടെയാണ് റഹീമിന് പുതുജീവൻ ലഭിച്ചത്. വധശിക്ഷ ഒഴിവായ ശേഷം മറ്റ് വകുപ്പുകളിലായി ലഭിച്ച 20 വർഷത്തെ തടവുശിക്ഷയാണ് ഇപ്പോൾ പൂർത്തിയായത്.
വലിയ പെരുന്നാളിന് മുൻപായി റഹീമിനെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ കുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

