
അതിതീവ്രമഴ 3 ദിവസം കൂടി; 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 3 ജില്ലകളിൽ അവധി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ഒഡീഷ തീരത്തോടു ചേർന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടുകയും പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ ശക്തി പ്രാപിക്കാൻ സാധ്യതയേറുകയും ചെയ്തതോടെ കേരളത്തിലെ 3 ദിവസം കൂടി തുടരും.
∙ റെഡ് അലർട്ട്: കോഴിക്കോട്, വയനാട് ജില്ലകളിൽ.
∙ ഓറഞ്ച് അലർട്ട്: ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്.
∙ യെലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
3 ജില്ലകളിൽ അവധി
കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ ഇന്നു സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് കലക്ടർമാർ അറിയിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്റർ എന്നിവയ്ക്കും അവധി ബാധകമാണ്. വയനാട്ടിലും ഇടുക്കിയിലും പ്രഫഷനൽ കോളജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാലാ പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകമല്ല.
2 മരണം
മഴക്കെടുതിയിൽ 2 മരണം. തൃശൂർ നടത്തറയിൽ വെള്ളക്കുഴിയിൽ വീണ് 10 വയസ്സുകാരനും പാലക്കാട് തേങ്കുറിശ്ശിയിൽ സുഹൃത്തുക്കളോടൊപ്പം തോട്ടിൽ മീൻ പിടിക്കാൻ പോയ ആളും മുങ്ങിമരിച്ചു. മലപ്പുറം ജില്ലയിൽ വണ്ടൂർ പുളിയക്കോട്ട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിലേക്കു കൂറ്റൻ ആൽമരം വീണു 4 യാത്രക്കാർക്കു പരുക്കേറ്റു. ഒരാളുടെ നില അതീവഗുരുതരം. ബസ് പൂർണമായി തകർന്നു.
ജലനിരപ്പുയർന്നു
ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. 2 ഡാമുകളിലും 24 മണിക്കൂറിനിടെ 3 അടിയോളം വെള്ളം ഉയർന്നു. മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. പത്തനംതിട്ട ജില്ലയിലെ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതോടെ അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പതിവിലുമേറെ മഴപെയ്യും
ജൂണിലും ജൂൺ–സെപ്റ്റംബർ കാലയളവിലും കേരളത്തിൽ പതിവിൽ കൂടുതൽ മഴ പെയ്യുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനം. മുൻവർഷങ്ങളെ അപേക്ഷിച്ച് 8% വരെ അധിക മഴ ലഭിക്കും. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ, ഇടുക്കി പോലുള്ള ജില്ലകളിൽ 24 മണിക്കൂറിനിടെ 17 സെന്റീമീറ്റർ വരെ മഴ പെയ്തു. വരും ദിവസങ്ങളിലും കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു.
മൂന്നാർ ഗ്യാപ് റോഡിലൂടെയുള്ള രാത്രി ഗതാഗതം 30 വരെ നിരോധിച്ചു
പടിഞ്ഞാറൻ കാറ്റിന്റെ വേഗം കഴിഞ്ഞ ദിവസങ്ങളിൽ തൃശൂർ, ഇടുക്കി, കണ്ണൂർ, തിരുവനന്തപുരം, വയനാട് ജില്ലകളിൽ മണിക്കൂറിൽ 60–68 കിലോമീറ്ററായത് നാശനഷ്ടങ്ങൾ വർധിപ്പിച്ചു. ആലപ്പുഴ, എറണാകുളം, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ 50 കിലോമീറ്ററിലേറെയാണു കാറ്റിന്റെ വേഗം.
തിരുവനന്തപുരത്ത് പലയിടത്തും വീടുകൾക്കു മുകളിൽ മരം വീണു. നെടുമങ്ങാട്ട് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്കു മുകളിൽ വൈദ്യുതി പോസ്റ്റ് വീണ് യാത്രികയ്ക്ക് പരുക്കേറ്റു. ആലപ്പുഴ ജില്ലയിൽ മഴയിലും കാറ്റിലും 216 വീടുകൾക്കു കൂടി നാശനഷ്ടം ഉണ്ടായി. പലയിടത്തും കടലാക്രമണ ഭീഷണിയുണ്ട്.
കോട്ടയം ജില്ലയിൽ 8 ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങി. വൈക്കം താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങളിലെ നാനൂറോളം വീടുകളിൽ വെള്ളം കയറി. ജില്ലയിൽ ഖനനം നിരോധിച്ചു. ഈരാറ്റുപേട്ട–വാഗമൺ റോഡിലെ രാത്രി യാത്രയ്ക്കും നിരോധനമുണ്ട്. ഇടുക്കി ജില്ലയിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നതിനാൽ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ് റോഡിലൂടെയുള്ള രാത്രി ഗതാഗതം 30 വരെ നിരോധിച്ചു. ദേശീയപാതയിൽ കരടിപ്പാറയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ മൂന്നാറിലേക്കു യാത്ര ചെയ്യുന്നവർ ഇരുട്ടുകാനത്ത് നിന്ന് ആനച്ചാൽ, രണ്ടാം മൈൽ വഴി പോകണം.