
ദില്ലി: വിവേക് നഗറിൽ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ ദില്ലി സർക്കാരിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ. ഇത്തരം ആശുപത്രികളുടെ സുരക്ഷ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. എന്നാൽ ഇത് സർക്കാർ പാലിച്ചില്ലെന്ന് ചെയർപേഴ്സൺ പ്രിയങ്ക കനൂങ്കാ പറഞ്ഞു.
അതേസമയം, നവജാതശിശുക്കളുടെ ആശുപത്രിയില്‍ തീപിടുത്തമുണ്ടായ സംഭവത്തിലെ പൊലീസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്. ആശുപത്രിയിൽ അടിയന്തര സാഹചര്യത്തിൽ പുറത്തിറങ്ങാൻ ഉള്ള വാതിലുകൾ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളെ പരിശോധിച്ചിരുന്ന ഡോക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ഗുരുതരമായ വിവരങ്ങള്‍ പുറത്ത് വന്നതോടെ ചെറുകിട ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന കർശനമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
ഇതിനായി നടപടികൾക്ക് ആരോഗ്യ വകുപ്പ് ശുപാർശ നൽകി. ആശുപത്രി പ്രവർത്തിക്കാനുള്ള അടിസ്ഥാന സൗകര്യം കെട്ടിടത്തിൽ ഇല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുനിസിപ്പൽ കോർപ്പറേഷൻ ചട്ടങ്ങളും പാലിച്ചില്ല. റെസിഡൻഷ്യൽ ഫ്ലാറ്റാണ് ആശുപത്രിയാക്കി മാറ്റിയത്. തീപിടുത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിൽ ആശുപത്രി ഉടമ നവീൻ കിച്ചി അറസ്റ്റിലായിരുന്നു. ആശുപത്രിക്ക് തീപിടിച്ചതിന് പിന്നാലെ ഒളിവിൽ പോയ നവീൻ കിച്ചിയെ ദില്ലി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയിരുന്നു.
Last Updated May 27, 2024, 9:29 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]