
തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘടനക്ക് ഓഫീസ് കെട്ടിടം വാങ്ങാനാണ് രണ്ടര ലക്ഷം പിരിക്കാൻ നിർദ്ദേശിച്ചതെന്ന ബാറുടമകളുടെ വാദം പൊളിക്കുന്ന വിവരങ്ങൾ പുറത്ത്. കെട്ടിടം വാങ്ങാൻ മാസങ്ങൾക്ക് മുമ്പേ നേതൃത്വം ആവശ്യപ്പെട്ടതും അംഗങ്ങൾ നൽകിയതും ഒരുലക്ഷം രൂപയാണെന്നതിന്റെ രേഖ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. നയത്തിലെ ഇളവിനുള്ള സഹായമായെന്ന നിലക്ക് രണ്ടരലക്ഷം ആവശ്യപ്പെട്ടത് വിവാദമായപ്പോഴാണ് അതും കെട്ടിടം വാങ്ങാനെന്ന് പറഞ്ഞ് തലയൂരാനുള്ള അസോസിയേഷൻ നേതാക്കളുടെ നീക്കം.
രണ്ടരലക്ഷം ആവശ്യപ്പെട്ടുള്ള ബാറുടമ നേതാവ് അനിമോൻറെ ഓഡിയോ വിവാദമായപ്പോൾ ഇളവിനല്ല പണപ്പിരിവ് കെട്ടിടം വാങ്ങാനെന്നായിരുന്നു സംസ്ഥാന പ്രസിഡണ്ടിൻറെ വിശദീകരണം. തിരക്കഥയെന്ന പോലെ അടുത്ത ദിവസം അനിമോനും മല്ലക്കം മറിഞ്ഞ് പണം ചോദിച്ചത് കെട്ടിടത്തിനാണെന്ന വിശദീകരണവും ഇറക്കി. എന്നാൽ ബാറുടമകളുടെ സംഘടനയിലെ അംഗങ്ങളുടെ വാട്സ് അപ് ഗ്രൂപ്പിൽ മാസങ്ങൾക്ക് മുമ്പ് വന്ന സ്ക്രീൻ ഷോട്ടിൽ, കെട്ടിടം ഫണ്ടിലേക്ക് നൽകേണ്ടത് ഒരുലക്ഷമാണെന്ന് കൃത്യമായി പറയുന്നുണ്ട്.
അനിമോൻറെ വിവാദ ഓഡിയോയിൽ പറയുന്ന ഇടുക്കിയിലെ സ്പൈസ് ഗ്രോ ഹോട്ടൽ ഉടമ കഴിഞ്ഞ ഡിസംബർ 21ന് ബാങ്ക് വഴി നൽകിയ പണത്തിന്റെ രേഖയാണിത്. ആ തുകയും ഒരുലക്ഷമാണ്. എത്ര രൂപ പിരിഞ്ഞ് കിട്ടിയെന്ന് നേതൃത്വം അറിയിച്ചിട്ടില്ലെന്നാണ് അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വിവാദത്തിന് പിന്നാലെ പിരിഞ്ഞുകിട്ടിയത് നാലരക്കോടി മാത്രമെന്ന് സംസ്ഥാന അധ്യക്ഷൻ പറയുന്നു. രജിസ്ട്രേഷന് രണ്ടര കോടി കൂടി വേണമെന്നും പറയുന്നു.
എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് വായ്പയായാണ് തുക ആവശ്യപ്പെട്ടതെന്നാണ് പ്രസിഡണ്ട് പറഞ്ഞത്. അനിമോൻറെ ഓഡിയോയിൽ പണം ആവശ്യപ്പെട്ടത് ഇടുക്കി ജില്ലയിലെ എല്ലാം അംഗങ്ങളോടുമാണ്. ഓഡിയോയിൽ കെട്ടിടത്തിന്റെ കാര്യം പറയുന്നതേ ഇല്ല. കെട്ടിടത്തിനായി നേരത്തെ ഒരു ലക്ഷം നൽകിയവരോട് തന്നെയാണ് രണ്ടരലക്ഷം കൂടി ആവശ്യപ്പെട്ടതെന്നാണ് വിവരം. ഇതിൽ 23ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പല അംഗങ്ങളും നേതൃത്വത്തെ ചോദ്യം ചെയ്തിരുന്നുവെന്നും പല അംഗങ്ങളും പറയുന്നു. പ്രത്യുപകാരമായി ആവശ്യപ്പെട്ട രണ്ടരലക്ഷത്തിൻറെ വിവരം പുറത്തായതോടെയാണ് എല്ലാം കെട്ടിടഫണ്ടിലേക്കെന്ന് പറഞ്ഞുള്ള തടിതപ്പൽ. വിവാദം മുറുകുമ്പോഴും കെട്ടിടം രജിസ്ട്രേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കാനാണ് സംഘടനയുടെ നീക്കം. ഇനി കൂടുതൽ പിരിക്കാതെ ബാക്കി തുക സംഘടനയുടെ തനത് ഫണ്ടിൽ നിന്ന് എടുക്കുമെന്നാണ് നേതൃത്വം പറയുന്നത്.
Last Updated May 27, 2024, 8:42 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]