
ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെൻ്ററിന് തീപിടിച്ചുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി. മരിച്ചവരിൽ 12 പേർ കുട്ടികളാണ്. അപകടം നടന്നു 24 മണിക്കൂർ പിന്നിട്ടിട്ടും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇതിനിടെ ഗെയിമിങ് സെൻ്റർ ഉടമ ഉൾപ്പടെ ആറു പേർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു.
അവധിക്കാലത്തിന്റെ അവസാന മണിക്കൂറുകൾ ആഘോഷമാക്കുവാനെത്തിയ കുട്ടികൾ, കുടുംബങ്ങൾ, ഗെയ്മിങ് സെന്ററിലെ ദിവസ വേതനക്കാർ തുടങ്ങി നിരവധി പേരാണ് കത്തിയമര്‍ന്നത്. ദുരന്തം നടന്നയിടത്ത് നിന്ന് ഇപ്പോഴും ശരീരാവശിഷ്ടങ്ങള്‍ കിട്ടുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. അപകടം നടന്നു മണിക്കൂറുകൾ പിന്നിട്ടിട്ടും മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ല, ഉറ്റവരെ അവസാന നോക്ക് കാണാൻ രാജ്കോട്ട് സിവിൽ ആശുപത്രിക്ക് പുറത്തു കാത്തിരിപ്പാണ് ബന്ധുക്കൾ, ഇടയ്ക്ക് സങ്കടം അണപൊട്ടി പ്രതിഷേധമാകുന്നുണ്ട്.
അപകടത്തിനു പിന്നാലെ ഗുജറാത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു, അന്വേഷണത്തിന് എഡിജിപിയുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘത്തിനാണ് ചുമതല. കത്തിയമർന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന തുടരുകയാണ്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ദൗത്യം പൂർത്തിയായിട്ടില്ല. രണ്ടുവർഷമായി താത്കാലികമായി പ്രവർത്തിച്ചിരുന്ന ഗെയിമിങ് സെന്ററിന് ഫയർ എൻഒസി ഇല്ലായിരുന്നു.
അവധിദിനമായതിനാൽ തിരക്ക് കുടി. ഇന്നലെ വൈകിട്ട് തീപിടിത്തമുണ്ടായപ്പോൾ എഴുപതോളം പേർ ഗേയ്മിങ് സെന്ററിൽ ഉണ്ടായിരുന്നു. കാർ റേസിങ്ങിനായി രണ്ടായിരം ലിറ്ററോളം ഡീസൽ സൂക്ഷിച്ചതും അപകടത്തിൻ്റെ വ്യാപ്തി കുട്ടി. ഗെയിമിങ് സെൻ്ററിൻ്റെ ഉടമകളിൽ ഒരാളായ യുവരാജ്സിങ് സോളങ്കിയും മാനേജരും ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. അപകട കാരണം ഇപ്പോഴും വ്യക്തമല്ല. രാജ്കോട്ട് എയിംസിലും സിവിൽ ആശുപത്രിയിലും ചികിൽസയിൽ കഴിയുന്നവരെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ആഭ്യന്തരമന്ത്രി ഹർഷ് സാംഘ്വിയും സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷവും പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Last Updated May 26, 2024, 5:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]