

അപ്രതീക്ഷിതമായ പ്രളയം പോലുള്ള സാഹചര്യങ്ങൾ ഇനിയും ഉണ്ടാകരുതേ…; കൂട്ടിക്കലിലെ പോലീസ് ഔട്ട് പോസ്റ്റ് കാടുകയറി നശിക്കുന്നു ; പുനർ പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യവും ശക്തം
സ്വന്തം ലേഖകൻ
മുണ്ടക്കയം: കൂട്ടിക്കലെ പോലീസ് ഔട്ട് പോസ്റ്റ് കാടുകയറി നശിക്കുന്നു ,പറത്താനം ഇളംകാട് , വാഗമൺ മലനിരകൾ ഉൾപ്പെടെയുള്ള പ്രദേശത്തെ ക്രമസമാധാന പാലനത്തിന് മുൻപ് കൂട്ടിക്കൽ ടൗണിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചിരുന്നത് എന്നാൽ 20 വർഷങ്ങൾക്ക് മുൻപ് ഇതിന്റെ പ്രവർത്തനം നിർത്തി.
ഒരു അഡീഷണൽ എസ്ഐ ഉൾപ്പെടെ പൊലീസുകാർ, കുറ്റവാളികളെ ഇടുവാൻ ലോക്കപ്പ് , ജീവനക്കാർക്ക് താമസിക്കാൻ വീടുകൾ എന്നിവ ഇവിടെ ഉണ്ടായിരുന്നു. ഈ കെട്ടിടങ്ങൾ ഇപ്പോൾ കാടു കയറി നശിക്കുകയാണ്. ഈ സ്ഥലം വീണ്ടെടുത്ത് പൊലീസിന്റെ താൽകാലിക എയ്ഡ് പോസ്റ്റ് തുടങ്ങിയാൽ അവശ്യ ഘട്ടത്തിൽ വേഗത്തിൽ ഇടപെൽ നടത്തുവാൻ കഴിയും. വാഗമൺ വരെ വ്യാപിച്ചു കിടക്കുന്ന കൂട്ടിക്കൽ പഞ്ചായത്തിന്റെ മലയോര മേഖലയിൽ ക്രമസമാധാന പരിപാലനത്തിന് പൊലീസിന് വേഗത്തിൽ എത്താനും കഴിയും.
മഴ ആരംഭിച്ചതോടെ കൂട്ടിക്കൽ മേഖലയിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം എന്ന ആവശ്യം ശക്തമാവുകയാണ് പൊലിസ്, ഫയർ ഫോഴ്സ്, ദുരന്ത നിവാരണ സേന എന്നിവയുടെ എയ്ഡ് പോസ്റ്റുകൾ ആരംഭിക്കണം എന്നാണ് ആവശ്യം.
2021 ൽ അപ്രതീക്ഷിതമായ പ്രളയം സംഭവിച്ചപ്പോൾ പുല്ലകയാർ കരകവിഞ്ഞ് ഒഴുകിയതിനാൽ ഫയർഫോഴ്സ്, പൊലീസ് തുടങ്ങിയ സേനകൾക്ക് മലയോര മേഖലയിലേക്ക് എത്താൻ തടസം നേരിട്ടു. അടിയന്തര സാഹചര്യങ്ങൾ ഇനിയും ഉണ്ടാകരുതേ എന്നാണ് നാടിന്റെ പ്രാർഥന എങ്കിലും ഉണ്ടായാൽ അത് നേരിടാനുള്ള ഒരുക്കങ്ങളും അനിവാര്യമാണ്.
മുൻ പ്രളയത്തിൽ വീടുകളുടെയും കടകളുടെയും മുകളിൽ കയറിയവർ ഭീതിയോടെ കാത്തിരുന്നത് ഫയർ ഫോഴ്സ് എത്തുന്ന സമയത്തിനായാണ്. എന്നാൽ വളരെ വൈകിയാണ് സേനയ്ക്ക് ഇവിടേക്ക് എത്താൻ കഴിഞ്ഞത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് മലകയറാൻ കഴിയുന്ന ഒരു വാഹനവും കുറച്ച് ഉദ്യോഗസ്ഥരെയും മഴ സമയങ്ങളിൽ താൽക്കാലികമായി കൂട്ടിക്കലിൽ നിയമിക്കാൻ നടപടി വേണമെന്നാണ് ആവശ്യം.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുൻപ് രൂപീകരിച്ച ദുരന്ത നിവാരണ സേനയ്ക്ക് പരിശീലനങ്ങൾ നൽകി സജ്ജരാക്കി നിർത്തണം എന്നും ആവശ്യമുണ്ട്. മഴ തോരാതെ പെയ്യുമ്പോഴാണ് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകാറുള്ളത്. അതുകൊണ്ട് തന്നെ എന്ത് എപ്പോൾ സംഭവിക്കും എന്ന് മുൻകൂട്ടി പറയാൻ സാധിക്കുകയുമില്ല. വലിയ ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത്തരം മുന്നൊരുക്കങ്ങൾ വേഗത്തിലാക്കണം എന്ന ആവശ്യവും ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]