
കോഴിക്കോട്: വിഖ്യാത ചരിത്രകാരനും എഴുത്തുകാരനുമായ എംജിഎസ് നാരായണന് വിട. ഇന്ന് രാവിലെ കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടന്നു.
വസ്തുനിഷ്ഠവും മൗലികവുമായ ഗവേഷണത്തിലൂടെ ചരിത്രത്തെ കൂടുതല്‍ ജനകീയമാക്കുകയും ബിംബവല്‍ക്കരിക്കപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു നേരെ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുകയും ജനകീയ പ്രശ്നങ്ങളുടെ പരിഹാരത്തിനായി ഒത്തുതീര്‍പ്പില്ലാതെ പോരാടുകയും ചെയ്ത എംജിഎസും ഒടുവില്‍ ചരിത്രത്തിലേക്ക്. പതിറ്റാണ്ടുകള്‍ നീണ്ട അധ്യാപനത്തിലൂടെ സമ്പാദിച്ച സമ്പന്നമായ ശിഷ്യ പരമ്പര, മധ്യകാല കേരള ചരിത്ര ഗവേഷണത്തിലെ മാസ്റ്റര്‍ പീസ് എന്ന് വിളിക്കാവുന്ന പെരുമാള്‍സ് ഓഫ് കേരള ഉള്‍പ്പെടെയുളള എണ്ണം പറഞ്ഞ രചനകള്‍, ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്മാന് സ്ഥാനം ഉള്‍പ്പെടെ അലങ്കരിച്ച ഉന്നത പദവികള്‍. ഇത്രയെല്ലാം ബാക്കിയാക്കിയാണ് എംജിഎസിന്റെ മടക്കം.
വാര്‍ദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഏറെ കാലമായി മലാപ്പറമ്പിലെ വസതിയായ മൈത്രിയില്‍ വിശ്രമത്തിലായിരുന്നു എംജിഎസ്. ഇന്ന് രാവിലെ പൊടുന്നനെ ആരോഗ്യ നില വഷളായി. മരണ സമയം ഭാര്യ പ്രേമലതയും മക്കള്‍ വിജയകുമാറും വിനയയും അടുത്തുണ്ടായിരുന്നു. എംജിഎസിന്റെ നിര്യാണമറിഞ്ഞ് രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ വീട്ടിലെത്തി.
മന്ത്രി എകെ ശശീന്ദ്രന്, എംഎല്‍എമാരായ എംകെ മുനീര്‍, തോട്ടത്തില്‍ രവീന്ദ്രന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. നാല് മണിയോടെ മാവൂര്‍ റോഡിലെ സ്മൃതിപഥത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. തുടർന്ന് കോഴിക്കോട് പൗരാവലിയുടെ അനുസ്മരണ പരിപാടിയും നടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]