
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാൻ വിഷം കഴിച്ചതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്താനായില്ല. വയറു കഴുകിയതിൽ നിന്ന് ശേഖരിച്ച സാമ്പികളുകളാണ് പരിശോധിച്ചത്. കെമിക്കൽ എക്സാമിനേഷൻ ലാബിൽ നിന്നുള്ള ഫലം കൂടി വന്നശേഷമേ ഇക്കാര്യം അന്തിമമായി ഉറപ്പിക്കാനാവൂ. അതിന് സമയമെടുക്കും.
ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ, പ്രതി വിഷം കഴിച്ചിട്ടില്ലെന്ന് ഉറപ്പിക്കുകയാണ് ഡോക്ടർമാർ. തലച്ചോറിൽ രക്തസ്രാവമുൾപ്പെടെയുണ്ടോയെന്ന് അറിയാൻ പ്രതിയെ സി.ടി സ്കാനിന് വിധേയനാക്കി. അതിലും പ്രശ്നങ്ങളില്ല. ലിവറിന്റെയും കിഡ്നിയുടെയും പ്രവർത്തനങ്ങൾ അടുത്തദിവസം വീണ്ടും വിലയിരുത്തും.മാനസിക പ്രശ്നമുള്ളതായി സൈക്യാട്രി വിഭാഗത്തിനും വിലയിരുത്തലില്ല. ഭക്ഷണം കൃത്യമായി കഴിക്കുന്നുണ്ട്. ഇടയ്ക്കിടെ ദേഷ്യം പ്രകടിപ്പിക്കാറുണ്ട്. അക്രമ വാസന കണക്കിലെടുത്ത് വിലങ്ങ് അഴിച്ചിട്ടില്ല. കനത്ത പൊലീസ് സുരക്ഷയിലാണ് മെഡിക്കൽ പേ വാർഡിൽ പ്രതിയുള്ളത്.
പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാന്റെ അറസ്റ്റ് ഇന്ന് വൈകുന്നേരം രേഖപ്പെടുത്തി.പാങ്ങോട് പൊലീസ്, മെഡിക്കൽ കോളേജിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കടം നൽകിയവർ അഫാന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നോ എന്ന് അന്വേഷിക്കാനും പ്രതിയുടെ മൊഴി രേഖപ്പെടുക്കാനും അന്വേഷണ സംഘം നീക്കമാരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും അഫാന്റെ മൊഴി രേഖപ്പെടുത്തുക. അഫാന്റെ ഫോണിന്റെ ശാസ്ത്രീയപരിശോധനാ ഫലവും പൊലീസ് കാത്തിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]