
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്നിക്കല്‍ ഏര്യയില്‍ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോകും. വിഎസ്എസ്സിയില് വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് യാത്ര തിരിക്കും. 28ന് ഉച്ചയ്ക്ക് 1.10ന് തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്ക് പോകും.
രണ്ട് ദിവസം തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് രണ്ട് ദിവസം തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ മുതല്‍ ഉച്ച വരെയും നാളെ രാവിലെ 11 മണി മുതല്‍ ഉച്ച വരെയുമാണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിശദ വിവരങ്ങള്‍ ഇങ്ങനെ
27ന് രാവിലെയാണ് പ്രധാനമന്ത്രി എത്തുന്നത്. കനത്ത സുരക്ഷയായതിനാല്‍ തന്നെ പുലര്‍ച്ചെ 5 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ തലസ്ഥാന നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. എയര്‍പോര്‍ട്ട് – ശംഖുമുഖം – കൊച്ചുവേളി- പൗണ്ട്കടവ് വരെയുള്ള റോഡിലും ആള്‍സെയിന്‍സ് – പേട്ട – ആശാന് സ്ക്വയര്‍ – പാളയം – സ്റ്റാച്യൂ – പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടറിയേറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലുമാണ് പ്രധാനമായും ഗതാഗത നിയന്ത്രണമുണ്ടാകുക. ഈ സ്ഥലങ്ങളില്‍ റോഡുകള്‍ക്ക് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും അനുവദിക്കില്ല.
28 -ാം തിയതി രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം. എയര്‍പോര്‍ട്ട് – ശംഖുമുഖം – ചാക്ക – ഈഞ്ചക്കല്‍ റോഡിലാണ് അന്നേ ദിവസം ഗതാഗത നിയന്ത്രണമുണ്ടായിരിക്കുക. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. അത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അറിയിപ്പുണ്ട്.
ഏത് വഴി പോകും
വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാരടക്കം മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്ന് കേരള പൊലീസ് അറിയിച്ചിട്ടുണ്ട്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം – ചാക്ക ഫ്ളൈ ഓവര്‍ – ഈഞ്ചക്കല്‍ കല്ലുംമൂട് – വലിയതുറ വഴി തിരഞ്ഞെടുക്കണം. ഇന്‍ര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാരാണെങ്കില്‍ വെണ്‍പാലവട്ടം – ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചക്കല്‍ അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് തിരഞ്ഞെടുക്കാവുന്നതാണ്.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതുപരിപാടിക്കായി എത്തുന്ന വാഹനങ്ങള്‍ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കിയ ശേഷം വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ടിലോ കോവളം ബൈപ്പാസില്‍ ഈഞ്ചക്കല്‍ മുതല്‍ തിരുവല്ലം വരെയുള്ള റോഡിന്റെ വശങ്ങളിലോ പാര്‍ക്ക് ചെയ്യേണ്ടതാണ്. മേല്‍ പറഞ്ഞിട്ടുള്ള സ്ഥലങ്ങളില്‍ 27, 28 തീയതികളില്‍ രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 മണിവരെ ഡ്രോണ്‍ പറത്തുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
Last Updated Feb 27, 2024, 4:01 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]