വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. കടുവയുടെ കഴുത്തിലുളള ആഴത്തിലുളള നാല് മുറിവുകളാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മരണം സംഭവിച്ചതെന്നും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് നാഷണൽ ടൈഗർ അതോറിട്ടിയുടെ രീതിയനുസരിച്ച് കടുവയുടെ സംസ്കാരം നടത്തും.
കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട സ്ത്രീ ധരിച്ച ഷർട്ടിന്റെ ബട്ടൻസ്, കമ്മൽ,മുടി എന്നിവ കണ്ടെടുത്തിട്ടുണ്ടെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഉൾവനത്തിൽ മറ്റൊരു കടുവയുമായുണ്ടായ ഏറ്റുമുട്ടിലിലാണ് നരഭോജി കടുവയ്ക്ക് മുറിവേറ്റത്. പോസ്റ്റ്മോർട്ടത്തിനുശേഷം കുപ്പാടിയിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ മടങ്ങി.
ഇന്ന് പുലർച്ചെ 12.30ന് പിലാക്കാവിന് സമീപം മൂന്ന്റോഡ് എന്നയിടത്ത് ആദ്യം കടുവയെത്തിയിരുന്നു. ഇവിടെവച്ച് ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ദൗത്യസംഘം മയക്കുവെടി വച്ച് കടുവയെ പിടികൂടാൻ ശ്രമിച്ചിരുന്നു. പിന്നീട് പുലർച്ചെ 2.30നടുത്ത് വീണ്ടും കടുവയെ കണ്ടെത്തുകയും അതിനെ പിടികൂടാൻ ദൗത്യസംഘം ശ്രമിക്കുകയും ചെയ്തു. ഇതിനിടെ കടുവ അവശ നിലയിലാണെന്ന് സംഘത്തിന് മനസിലായി. വൈകാതെ ഒരു വീടിനടുത്തുള്ള പറമ്പിൽ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]