ന്യൂഡൽഹി: ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾക്കൊപ്പം ഇന്ത്യൻ വിമാനവാഹിനിക്കപ്പൽ നിർമ്മാണ ശേഷിയിലും ഇന്തോനേഷ്യൻ സൈന്യം അതീവ താൽപര്യം പ്രകടിപ്പിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനവാഹിനിക്കപ്പൽ നിർമാണ ശേഷിയിൽ ഇന്തോനേഷ്യയ്ക്കുള്ള താൽപര്യത്തെക്കുറിച്ച് ജക്കാർത്തയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥനാണ് അടുത്തിടെ നടന്ന ഒരു യോഗത്തിൽ അറിയിച്ചതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്തോനേഷ്യയുമായി കപ്പൽ നിർമാണ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ.
ഇതോടൊപ്പം ഇന്ത്യൻ നിർമ്മിത ബ്രോഹ്മോസ് മിസൈലുകളിലും ഇന്തോനേഷ്യ താൽപര്യം പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ ഇന്തോനോഷ്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ഇന്ത്യയിലേക്ക് എത്തും. സൈനിക സഹകരണം പര്യവേക്ഷണം ചെയ്യുന്നതിനും മിസൈലിന്റെ കഴിവുകൾ വിലയിരുത്തുന്നതിനുമായി മേജർ ജനറൽ യുനിയാന്റോയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഇന്തോനേഷ്യൻ പ്രതിനിധി സംഘം ബ്രഹ്മോസ് എയ്റോസ്പേസ് സന്ദർശിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
വർഷങ്ങൾക്ക് മുമ്പ് 335 ദശലക്ഷം യുഎസ് ഡോളറിന് ഓർഡർ നൽകിയ ബ്രഹ്മോസ് മിസൈൽ ഫിലിപ്പീൻസിന് വിൽക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ഇന്തോനേഷ്യയുമായുള്ള മിസൈൽ ഇടപാടിന് റഷ്യയിൽ നിന്നുള്ള അംഗീകാരം ആവശ്യമാണ്. വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ മിസൈൽ സംവിധാനത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]