ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന കുംഭമേളയിൽ ഗ്രീക്ക് യുവതിക്ക് താലി ചാർത്തി ഇന്ത്യൻ യുവാവ്. പെനെലോപ്പ്, സിദ്ധാർത്ഥ് എന്നിവരാണ് പുണ്യഭൂമിയിൽ വച്ച് പരസ്പരം മാല ചാർത്തിയത്. ചടങ്ങിന് വധുവിന്റെ മാതാവും ബന്ധുക്കളും സാക്ഷിയായി.
ജുണ അഖാരയുടെ മഹാമണ്ഡലേശ്വനായ സ്വാമി യതീന്ദ്രാനന്ദ് ഗിരിയാണ് കന്യാദാനം നടത്തിയത്. കുംഭമേളയിൽ വച്ചുതന്നെ വിവാഹത്തിന്റെ അഗ്നിഫേര (തീയ്ക്കുചുറ്റും വലം വയ്ക്കുന്നത്) ചടങ്ങും നിർവഹിച്ചു. വർഷങ്ങൾക്കുമുൻപുതന്നെ സനാതന ധർമ്മത്തിന്റെ പാരമ്പര്യങ്ങൾ സ്വീകരിച്ചയാളാണ് പെനെലോപ്പ്. യോഗ, സനാതന ധർമ്മം എന്നിവയുടെ പ്രചാരണാർത്ഥം പല രാജ്യങ്ങളും സന്ദർശിച്ചയാളാണ് സിദ്ധാർത്ഥ് എന്നും യതീന്ദ്രാനന്ദ് ഗിരി പറഞ്ഞു.
വാക്കുകൾക്കപ്പുറം മാന്ത്രികത നിറഞ്ഞതായിരുന്നു കുംഭമേളയ്ക്കിടയിൽ വിവാഹിതയായ അനുഭവമെന്ന് പെനെലോപ്പ് പങ്കുവച്ചു. ‘ആത്മീയതയിലൂടെ വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടായി. ഒരു ഇന്ത്യൻ വിവാഹച്ചടങ്ങിൽ ഇതുവരെ പങ്കെടുത്തിട്ടില്ല. അതിനാൽ തന്നെ എല്ലാം എനിക്ക് പുതിയതായിരുന്നു. ആത്മീയമായ രീതിയിലാണ് ഞാൻ വിവാഹിതയായത്’- പെനെലോപ്പ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുണ്യസ്ഥലത്ത് ഏറ്റവും ആധികാരികമായി വിവാഹിതരാകാനാണ് തങ്ങൾ തീരുമാനിച്ചതെന്ന് സിദ്ധാർത്ഥ് പറഞ്ഞു. എല്ലാത്തരം ദിവ്യത്വങ്ങളും, തീർത്ഥാടനങ്ങളും ഒരുമിച്ച് ചേരുന്ന സ്ഥലമായതിനാൽ അതിന് പ്രപഞ്ചത്തിലെ തന്നെ ഏറ്റവും മികച്ച സ്ഥലം മഹാകുംഭമേളയാണെന്നും യുവാവ് വ്യക്തമാക്കി. മഹാകുംഭമേള അവസാനിക്കുന്നതുവരെ പ്രയാഗ്രാജിൽ തന്നെ തുടരാനാണ് നവദമ്പതികളുടെ തീരുമാനം. ജനുവരി 29ന് പുണ്യസ്നാനം നടത്തുമെന്നും ഇവർ വെളിപ്പെടുത്തി.