വയനാട്: പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവയ്ക്ക് ഏകദേശം ഏഴ് വയസിനടുത്ത് പ്രായമുണ്ടെന്ന് വിവരം. ഏഴ് വയസ് പ്രായം വരുന്ന പെൺകടുവയാണ് ചത്തത്. വനംവകുപ്പ് സ്ഥാപിച്ച 38 ക്യാമറകളിലും പതിഞ്ഞത് ഇതേകടുവയുടെ ചിത്രങ്ങളാണ്. റോഡരികിലായാണ് കടുവയുടെ ജഡം കണ്ടത്. ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. ഈ മുറിവുകളിൽ ചിലതിന് കാലപ്പഴക്കമുണ്ടെന്നാണ് ഡോ. അരുൺ സക്കറിയ വ്യക്തമാക്കിയത്. കടുവയുടെ പോസ്റ്റ്മോർട്ടം കുപ്പാടിയിൽ വച്ചാണ് നടത്തുക.
കടുവ ചത്തത് ഏറെ ആശ്വാസമുണ്ടായ കാര്യമാണെന്ന് നാട്ടുകാർ പ്രതികരിച്ചു. മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കഴിഞ്ഞ 24നാണ് കാപ്പിത്തോട്ടത്തിൽ വച്ച് കടുവ രാധയെ ആക്രമിച്ച് കൊലപ്പെടുത്തുകയും ഭക്ഷിക്കുകയും ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ശക്തമായ പ്രക്ഷോഭം തന്നെ നടത്തി. മന്ത്രി ഒ.ആർ കേളുവിനെ ജനങ്ങൾ തടയുന്ന നിലയെത്തി. പിന്നീട് രാധയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ വനം മന്ത്രി എ.കെ ശശീന്ദ്രനെ ജനങ്ങൾ വഴിയിൽ തടഞ്ഞു.
പ്രദേശത്ത് 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ച് കടുവയെ പിടിക്കാൻ ദൗത്യസംഘം തെരച്ചിൽ നടത്തുന്നതിനിടെയാണ് 12.30ന് ആദ്യം കടുവയെ കണ്ടത്. പിന്നീട് 2.30ഓടെ ചത്തനിലയിൽ കാണുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]