
ദില്ലി: രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ മുന്നണിപ്പോരാളി എന്ന് വിലയിരുത്തപ്പെട്ടിരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎയിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. നിതീഷ് മറുകണ്ടം ചാടിയാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് സമകാവ്യത്തില്‍ എന്ത് മാറ്റമാണ് കണക്കുകളില്‍ പ്രകടനമാവുക എന്ന് നോക്കാം.
രാജ്യത്ത് മൂന്നാം തുടര്‍ഭരണം സ്വപ്നം കാണുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ പരീക്ഷണമാണ് ഇന്ത്യാ മുന്നണി. നിലവില്‍ 28 രാഷ്ട്രീയ പാര്‍ട്ടികളാണ് ഇന്ത്യാ മുന്നണിക്കൊപ്പമുള്ളത്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഇന്ത്യാ മുന്നണി രൂപീകരിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാക്കളിലൊരാളാണ് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവുമായ നിതീഷ് കുമാര്‍. എന്നാലിപ്പോള്‍ ഇന്ത്യാ മുന്നണിയെ പ്രതിസന്ധിയിലാക്കി നിതീഷ് മറുകണ്ടം ചാടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.
നിലവില്‍ 543 ലോക്സഭ സീറ്റുകളില്‍ 142 എണ്ണമാണ് ഇന്ത്യാ മുന്നണിയില്‍പ്പെട്ട പാര്‍ട്ടികള്‍ക്ക് കൈവശമുള്ളത്. ഇതില്‍ 16 സീറ്റുകളാണ് ജെഡിയുവിനുള്ളത്. പാര്‍ട്ടികളുടെ പട്ടിക നോക്കിയാല്‍ നിലവില്‍ ലോക്സഭയില്‍ അംഗങ്ങളുടെ എണ്ണത്തില്‍ ബിജെപിക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും വൈഎസ്ആര്‍ കോണ്‍ഗ്രസിനും ശിവസേനയ്ക്കും പിന്നില്‍ ഏഴാമതാണ് ജെഡിയുവിന്റെ സ്ഥാനം. പ്രധാനമായും ബിഹാറിലാണ് ജെഡിയുവിന് കൂടുതല്‍ കരുത്തുള്ളത്. ബിഹാറില്‍ ഒറ്റയ്ക്ക് വിജയം നേടാനാവില്ലെങ്കിലും ലോക്സഭ ഫലം നിര്‍ണായിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമാവാനുള്ള കഴിവ് ജെഡിയുവിനുണ്ട്. ഇത് ഇന്ത്യാ സഖ്യത്തിന് തിരിച്ചടി നല്കുന്ന ഘടകമാണ്.
നിതീഷ് കുമാര്‍ അടുത്തിടെയാണ് ഇന്ത്യാ മുന്നണിയുമായി അകൽച്ച പ്രകടിപ്പിച്ച് തുടങ്ങിയത്. വർഷങ്ങളോളം എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്ന ജെഡിയു 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർഥി ആയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോൺഗ്രസിനും ആർജെഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. എന്നാൽ പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മഹാസഖ്യം വിട്ട് എൻഡിഎയുടെ ഭാഗമായി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു.
നിതീഷ് കുമാര്‍ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാൻ പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യാ’ മുന്നണി രൂപീകരിക്കാൻ വലിയ പങ്ക് വഹിച്ചിരുന്നു. ‘ഇന്ത്യ’ മുന്നണിയിലെ തർക്കങ്ങൾ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും എൻഡിഎ പാളയത്തിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. സീറ്റ് വിഭജനം പോലും എങ്ങുമെത്താതെ ഇന്ത്യാ മുന്നണി തപ്പിത്തടയുമ്പോഴാണ് സഖ്യത്തില്‍ നിതീഷ് കുമാര്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.
Last Updated Jan 26, 2024, 2:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]