കോഴിക്കോട്: അന്തരിച്ച എഴുത്തുകാരൻ എം ടി വാസുദേവനെ ഒരുനോക്ക് കാണുവാൻ കരച്ചിലടക്കാതെ ഓടിയെത്തി നടി കുട്ട്യേടത്തി വിലാസിനി. വാസുവേട്ടൻ (എം ടി) മരിക്കരുതെന്നും ഒരുപാട് കാലം ജീവിക്കണമെന്നും നേർച്ചകൾ നേർന്നിരുന്നുവെന്ന് അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. നാടകനടിയായിരുന്നു വിലാസിനിയെ സിനിമയിൽ ലോകമറിയുന്ന കുട്ട്യേടത്തി വിലാസിനിയാക്കി മാറ്റിയത് എം ടിയായിരുന്നു.
‘സിനിമയിൽ പൂജ്യമായിരുന്ന എന്നെ കുട്ട്യേടത്തി വിലാസിനിയാക്കിയാക്കി മാറ്റിയത് വാസുവേട്ടനാണ്. അദ്ദേഹത്തോട് അടുത്തുകഴിഞ്ഞാൽ പിന്നെ അകലാൻ തോന്നില്ല. അത്രയ്ക്കും നല്ലൊരു മനുഷ്യനായിരുന്നു. വാസുവേട്ടൻ മരിക്കരുതെന്നും അദ്ദേഹം ഒരു നൂറ് വയസുവരെയെങ്കിലും ജീവിക്കണമെന്നും ഞാൻ നേർച്ചകൾ നേർന്നിരുന്നു. കാരണം എന്നെ എല്ലായിടത്തും അറിയപ്പെടുന്നത് കുട്ട്യേടത്തി ആയിട്ടാണല്ലോ? അതുകൊണ്ട് എനിക്ക് അദ്ദേഹത്തോട് ബഹുമാനവും സ്നേഹവും ആരാധനയുമാണ്.അദ്ദേഹത്തെ മറക്കാൻ കഴിയില്ല. കോഴിക്കോടുള്ള കലാകാരന്മാർക്കും കലാകാരികൾക്കും അദ്ദേഹം അവസരം നൽകിയിട്ടുണ്ട്. ബാലൻ കെ. നായർ, കുതിരവട്ടം പപ്പു അടക്കം ഉളളവരെ വാസുവേട്ടനാണ് സിനിമയിൽ കൊണ്ടുവന്നത്’- അവർ പറഞ്ഞു.
എം ടിയുടെ തിരക്കഥയിൽ 1971ലാണ് പി എൻ മേനോൻ കുട്ട്യേടത്തി എന്ന ചിത്രം സംവിധാനം ചെയ്തത്. വിലാസിനിയായിരുന്നു പ്രധാന വേഷത്തെ അവതരിപ്പിച്ചത്. ജയഭാരതി, ഫിലോമിന, എസ് പി പിളള, കുതിരവട്ടം പപ്പു, നിലമ്പൂർ ബാലൻ, ശാന്താ ദേവി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]