മുംബയ്: ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോമായ ഐആർസിടിസി വെബ്സൈറ്റ് പണിമുടക്കി. ഇതോടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റെടുക്കാൻ സാധിക്കാത്ത അവസ്ഥയിലായി യാത്രക്കാർ. തൽക്കാൽ ബുക്കിംഗുകാരെയാണ് ഇത് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്.
ടിക്കറ്റ് ബുക്കുചെയ്യാനായി സൈറ്റോ ആപ്പോ തുറന്നാൽ ‘മെയിന്റനൻസ് കാരണം ഇ ടിക്കറ്റിംഗ് സേവനം ലഭ്യമാകില്ല. ദയവായി പിന്നീട് ശ്രമിക്കുക’ എന്ന അറിയിപ്പാണ് ലഭിക്കുക. ടിക്കറ്റ് റദ്ദാക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർ കസ്റ്റമർ കെയറിലേക്ക് വിളിക്കുകയോ മെയിൽ അയക്കുകയോ ചെയ്യണമെന്ന നിർദ്ദേശവും ലഭിക്കുന്നുണ്ട്.
രാവിലെ പത്തുമണിയോടെ എസി കോച്ചുകളിലേക്കുള്ള തൽക്കാൽ റിസർവേഷന് യാത്രക്കാർ ശ്രമിച്ചപ്പോഴാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ പ്രീമിയം തൽക്കാൽ ടിക്കറ്റുകൾക്ക് പ്രശ്നമൊന്നുമില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ വലിയതട്ടിപ്പാണ് ഇതിന് പിന്നിലെന്ന പ്രതികരണവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ വെബ്സൈറ്റിലെയും ആപ്പിലെയും പ്രശ്നങ്ങളെ സംബന്ധിച്ച് റെയിവേയോ ഐആർസിടിസിയോ പ്രതികരിച്ചിട്ടില്ല. സൈറ്റും ആപ്പും എപ്പോൾ പ്രവർത്തനക്ഷമമാകുമെന്നും വ്യക്തമല്ല. ഈ മാസം ഇത് രണ്ടാംതവണയാണ് ഐആർസിടിസി വെബ്സൈറ്റ് പണിമുടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതിനിടെ ജപ്പാനിൽ സൈബർ ആക്രമത്തെത്തുടർന്ന് വിമാനസർവീസുകൾ താറുമാറായ അവസ്ഥയിലാണ്. ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ പുറപ്പെടാൻ വൈകിയേക്കുമെന്ന് ജപ്പാൻ എയർലൈൻസ് ഇന്ന് രാവിലെയാണ് മുന്നറിയിപ്പ് നൽകിയത്. സൈബർ ആക്രമണത്തെ തുടർന്ന് ടിക്കറ്റ് വിൽപ്പനയും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഫ്ലൈറ്റുകൾ പുനഃസ്ഥാപിക്കുമ്പോൾ യാത്രക്കാരെ അറിയിക്കുമെന്നും പ്രസ്താവനയിൽ വിമാനക്കമ്പനി കുറിച്ചു.