ബെർലിൻ: റഷ്യയിൽ നിന്ന് വർദ്ധിച്ചുവരുന്ന ഭീഷണികൾക്കിടെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിച്ച് ജർമ്മനി. മെട്രോ സ്റ്റേഷനുകൾ എയർ റെയ്ഡ് ഷെൽട്ടറുകളായി പരിഗണിച്ചു കൊണ്ടാണ് ജർമ്മനി സുരക്ഷ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുന്നത്. ഇതിനായി പല കെട്ടിടങ്ങളും ബങ്കറുകളാക്കി മാറ്റുകയാണ്. ഇവിടങ്ങളിലേയ്ക്ക് ജനങ്ങളെ എത്തിക്കുന്നതിനായുള്ള ഒരു ആപ്പ് പുറത്തിറക്കാനുള്ള ശ്രമങ്ങളും തുടരുകയാണെന്നാണ് റിപ്പോർട്ട്.
നേരത്തെ, പൊതുബങ്കറുകളുടെ എണ്ണം കുറയ്ക്കാനായിരുന്നു ജർമ്മനിയുടെ ശ്രമം. 2007ൽ ഇത്തരം സുരക്ഷാസംവിധാനങ്ങൾ ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു. എന്നാൽ, റഷ്യയുടെ ഹൈബ്രിഡ് യുദ്ധ തന്ത്രങ്ങളും മറ്റ് രാജ്യങ്ങൾക്കെതിരായ ഭീഷണികളും ജർമ്മനിയിൽ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചതായാണ് റിപ്പോർട്ട്. ഫെഡറൽ ഓഫീസ് ഫോർ സിവിൽ പ്രൊട്ടക്ഷൻ്റെ കണക്കനുസരിച്ച് 579 പൊതു ഷെൽട്ടറുകൾ മാത്രമേ രാജ്യത്ത് ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. 8.44 കോടി ജനങ്ങളുള്ള രാജ്യത്ത് 5,00,000 പേരെ മാത്രമേ ഈ ഷെൽട്ടറുകളിൽ ഉൾക്കൊള്ളാൻ കഴിയൂ. വലിയ രീതിയിലുള്ള ബങ്കർ ശൃംഖല പുനർനിർമ്മിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നതിനാൽ ഹോം ഷെൽട്ടറുകളെയാണ് നിലവിൽ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്.
അതേസമയം, റഷ്യ – യുക്രൈൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പോളണ്ടിലെ ഔദ്യോഗിക ബോംബ് ഷെൽട്ടറുകൾക്ക് 3,00,000 ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് റിപ്പോർട്ട്. തുരങ്കങ്ങളും മെട്രോ സ്റ്റേഷനുകളും പോലെയുള്ള താത്ക്കാലിക പരിഹാരങ്ങളും അധികാരികൾ സജ്ജമാക്കിയിട്ടുണ്ട്. 276 ന്യൂക്ലിയർ-പ്രൊട്ടക്ഷൻ ബങ്കറുകൾ തയ്യാറാക്കി യുകെയും സുരക്ഷാ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്.
READ MORE: ‘അറസ്റ്റ് വാറണ്ടല്ല, നെതന്യാഹുവിന് വധശിക്ഷ നൽകണം’; ഇസ്രായേൽ നേതാക്കൾ ക്രിമിനലുകളെന്ന് ഖമേനി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]