കൊച്ചി: കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ച സംഭവത്തില്‍ ജില്ല കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന് റവന്യു മന്ത്രി കെ.രാജന് പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലായിരിക്കും. എല്ലാ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. പരമാവധി ചികിത്സ ഉറപ്പാക്കുമെന്നും കെ. രാജന് പറഞ്ഞു. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ നടന്നത്. ഇനിയുള്ള ഇത്തരം കൂടിചേരലുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരേണ്ടിവരും.
ഇത്തരം പരിപാടികള്‍ക്ക് നിബന്ധന കൊണ്ടുവരും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനം തീര്‍ച്ചയായും നല്‍കും. അത് എത്രയെന്ന് മന്ത്രിസഭ കൂടി തീരുമാനിക്കുമെന്നും മന്ത്രി കെ. രാജന് കൂട്ടിചേര്‍ത്തു. കുസാറ്റ് അപകടം ഒരു പാഠമായി കണ്ട് ഇനി ഇത്തരം ആഘോഷങ്ങളില്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ ക്യാമ്പസില്‍ വരുത്തേണ്ടതുണ്ടെന്ന് ആലോചിക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. ആവശ്യമെങ്കിൽ അതിനുവേണ്ടി നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് മന്ത്രിമാരായ പി. രാജീവും ആര്. ബിന്ദുവും കാര്യങ്ങള്‍ ഏകോപിപ്പിക്കുമെന്നും നവകേരള സദസ്സ് പരിപാടിക്കെത്തിയ മന്ത്രി എംബി രാജേഷ് കോഴിക്കോട്ട് പറഞ്ഞു. ഇന്ന് നവകേരള സദസ്സില്‍ ജനസമ്പര്‍ക്കം മാത്രമായി ചുരുക്കിയെന്നും മന്ത്രി പറഞ്ഞു.
അപകടത്തില്‍ മരിച്ച മൂന്നു വിദ്യാര്‍ത്ഥികളുടെയും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ കണ്ണീരടക്കാനാകാതെയാണ് സഹപാഠികളും അധ്യാപകരും അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. അപകടത്തില്‍ മരിച്ച കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ മുതല്‍ കുസാറ്റ് ക്യാമ്പസിലെ ഐടി ബ്ലോക്കില്‍ പൊതുദര്‍ശനത്തിനുവെച്ചത്.
നോവായി സാറയും ആന്‍ റുഫ്തയും അതുലും; കണ്ണീരണിഞ്ഞ് സഹപാഠികളും അധ്യാപകരും; കുസാറ്റില്‍ പൊതുദര്‍ശനം
സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിമാരായ ആർ.ബിന്ദു, പി.രാജീവ് സ്പീക്കർ എ.എൻ ഷംഷീർ, LDF കൺവീനർ ഇപി ജയരാജന്, ജനപ്രതിനിധികളായ ബെന്നി ബെഹ്നാൻ, ഹൈബി ഈഡൻ , ജെ ബി മേത്തർ, എ എ റഹീം, ജോൺ ബ്രിട്ടാസ് , അൻവർ സാദത്ത്, ഉമാ തോമസ്, സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു. പൊതു ദർശനം ഒന്നരമണിക്കൂറിലേറെ നീണ്ടു. സാറയുടെ മൃതദേഹം താമരശേരിയിലേക്കും അതുലിന്റേത് കൂത്താട്ടുകുളത്തേക്കും ആൻ റുസ്തയുടേത് പറവൂരിലേക്കും കൊണ്ടുപോയി. ആൻ റുഫ്തയുടെ സംസ്കാര ചടങ്ങുകൾ വിദേശത്തുള്ള അമ്മ വന്ന ശേഷമാവും നടക്കുക. അപകടത്തിൽ മരിച്ച ആൽബിൻ ജോസഫിന്റെ മൃതദേഹം രാവിലെ തന്നെ പാലക്കാട്ടേക്ക് കൊണ്ടുപോയിരുന്നു. അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ രണ്ട് പെൺകുട്ടികൾ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള മറ്റു രണ്ടു പേർ കളമശ്ശേരി മെഡിക്കൽ കോളളിൽ തീവ്രപരിചരണ വിഭാഗത്തിലും നിസ്സാരമായി പരിക്കേറ്റ 34 പേരും വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്
‘പരിപാടി പൊലീസിനെ അറിയിക്കാതിരുന്നത് വലിയ തെറ്റ്’, ദുരന്ത നിവാരണ അതോറിറ്റി അന്വേഷിക്കുമെന്ന് മന്ത്രി
Last Updated Nov 26, 2023, 1:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]