പ്രധാനമന്ത്രിയെ അപമാനിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ പ്രസ്താവനയെ തള്ളിപ്പറയാൻ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറാണോ എന്ന് ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ ചോദിച്ചു. പ്രധാനമന്ത്രിയെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ എസ് ഐ ആർ നടപ്പിലാക്കിയതിനെ പിന്തുണച്ച സതീശൻ, അത് നടപ്പിലാക്കിയ രത്തൻ യു കേൽക്കറെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കുകയാണ് ചെയ്തത്. ഈ എസ് ഐ ആറിന്റെ പേരിലാണ് ഖാർഗെ പ്രധാനമന്ത്രിയെ അവഹേളിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മല്ലികാർജുന ഖാർഗെയുടെ പരാമർശം രാഷ്ട്രീയ മര്യാദയുടെ ലംഘനമാണെന്ന് തള്ളിപ്പറയാൻ സതീശന് ആർജവമുണ്ടോ എന്ന് വ്യക്തമാക്കണം. കഴിഞ്ഞ 13 വർഷമായി അധികാരം നഷ്ടപ്പെട്ടതിന്റെ വേവലാതിയാണ് കോൺഗ്രസിലെ അഖിലേന്ത്യാ നേതാക്കന്മാർ പ്രകടിപ്പിക്കുന്നത്.
സീതാറാം കേസരിയെ എഐസിസി ആസ്ഥാനത്ത് വെച്ച് സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ആട്ടിയിറക്കുകയായിരുന്നുവെന്നും, ഖാർഗെയെയും കാത്തിരിക്കുന്നത് സമാനമായ വിധിയാണെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. ഖാർഗെയുടെ പ്രസ്താവനയെക്കുറിച്ച് രാഹുൽ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയും സമാനമായ രീതിയിൽ പ്രധാനമന്ത്രിയുടെ മാതാവിനെക്കുറിച്ച് മോശമായ പരാമർശം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മോദി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കെതിരെ കുറ്റമൊന്നും കണ്ടെത്താൻ കഴിയാത്ത കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്.
ജനങ്ങളുടെ മനസ്സിൽ സ്ഥാനമുറപ്പിച്ച സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങൾ പൊതുജനം പൂർണ്ണമായും തള്ളിക്കളഞ്ഞു. ജന്തർ മന്തർ സമരം നടക്കുന്നതിനിടയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ പോലും ബിജെപി വലിയ മുന്നേറ്റം നടത്തിയത് ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത 50 വർഷക്കാലത്തേക്ക് അധികാരത്തിൽ തിരിച്ചുവരാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതിന്റെ വെപ്രാളമാണ് കോൺഗ്രസ് കാണിക്കുന്നത്. ബംഗാളിലും ബിഹാറിലും ബിജെപി നേടിയ വിജയം കാരണമാണ് എസ് ഐ ആറിനെതിരെ സമരം ചെയ്യാൻ കോൺഗ്രസ് തയ്യാറാകുന്നത്.
മുതലക്കുളം മൈതാനിയിൽ നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്റിൽ സമാപിച്ച പ്രതിഷേധ പ്രകടനത്തിന് ശേഷം ഖാർഗെയുടെ കോലം കത്തിച്ചു. പുതിയ ബസ് സ്റ്റാന്റിൽ നടന്ന പ്രതിഷേധ യോഗത്തിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.
കെ പി പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടി വി ഉണ്ണികൃഷ്ണൻ, പി രഘുനാഥ്, എം സുരേഷ്, നമ്പിടി നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ, മേഖലാ, സംസ്ഥാന നേതാക്കൾ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

