
കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിക്ക് ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കുന്നതിൽ മെല്ലെപ്പോക്ക്. നോ നിപ സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാൽ പച്ചക്കറി കയറ്റുമതിക്ക് മറ്റ് വിമാനത്താവങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് വ്യാപാരികൾ. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിയന്ത്രണം നീങ്ങിയപ്പോഴും കരിപ്പൂരിനെ മാത്രം പരിഗണിക്കുന്നില്ലെന്നാണ് പരാതി.
നിപ ഭീതിയുടെ സാഹചര്യത്തിലായിരുന്നു വിമാനത്താവളം വഴിയുളള പഴം – പച്ചക്കറി കയറ്റുമതിക്ക് നിയന്ത്രണങ്ങൾ വന്നത്. യുഎഇയിലെ വിമാനത്താവളങ്ങളിലേക്ക് ആയിരുന്നു കർശന നിബന്ധനയുളളത്. നിപ ഫ്രീ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് പച്ചക്കറിയും പഴങ്ങളും അയക്കാൻ സാധിക്കുകയുള്ളൂ. നിപ ഉറവിടമായ കോഴിക്കോടിന് സമീപമുള്ള വിമാനത്താവളം എന്നതിനാലാണ് കരിപ്പൂർ വഴിയുളള കയറ്റുമതിക്ക് നോ നിപ്പ സർട്ടിഫിക്കറ്റിന് കടുംപിടുത്തം.
കോഴിക്കോട് നിപ മുക്തമായി മാസമൊന്ന് കഴിഞ്ഞിട്ടും കരിപ്പൂർ വിമാനത്താവളം വഴിയുളള കയറ്റുമതിക്ക് ആരോഗ്യവകുപ്പ് അനുകൂല നിലപാടെടുക്കുന്നില്ലെന്നാണ് പരാതി. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണമിങ്ങിനെ: നിപ മുക്തമായാലും കോഴിക്കോട്ടെ സ്ഥിതിവിവര റിപ്പോർട്ട് പരിഗണിച്ചുമാത്രമേ സർട്ടിഫിക്കറ്റ് അനുവദിക്കാൻ സാധിക്കുകയുള്ളൂ. ഇതിനായി ജില്ലാ മെഡിക്കല് ഓഫീസറേയും കളക്ടറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് കിട്ടുന്ന മുറയ്ക്ക് നിയന്ത്രണം നീങ്ങും.
എന്നാൽ നിപ ബാധിത മേഖലയല്ലാത്ത തമിഴ്നാട്ടിൽ നിന്നുൾപ്പെടെയെത്തിക്കുന്ന പച്ചക്കറികൾക്ക് എന്തിനാണ് കരിപ്പൂരിൽ നിയന്ത്രണമെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. ആഴ്ചയയിൽ ശരാശര 350 ടണ്ണോളം പച്ചക്കറിയും പഴങ്ങളുമാണ് കരിപ്പൂർ വഴി വിദേശത്തേക്കെത്തുന്നത്. അതേസമയം, വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആർ അറിയിച്ചത്. ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയിൽ ഊന്നിയാണ് പ്രവർത്തനം. രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.
Last Updated Oct 26, 2023, 9:44 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]