
9:13 AM IST:
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ കോൺഗ്രസിൻറെ പുതിയ പ്രസ്താവന പാർട്ടിക്കകത്തെ വിവാദത്തെ തുടർന്ന്. ഹമാസിൻറെ ക്രൂരതയെ അപലപിക്കുന്നു എന്ന് കോൺഗ്രസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പലസ്തീൻ അനുകൂല പാർട്ടി നിലപാട് ബിജെപി മുതലാക്കുന്നു എന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹമാസിനെ കൂടി വിമർശിച്ച് കോൺഗ്രസ് രംഗത്ത് വന്നത്.
9:11 AM IST:
കണ്ണൂർ പരിയാരത്ത് വൃദ്ധയെ കെട്ടിയിട്ട് കവർച്ച. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം വീട്ടിലുണ്ടായിരുന്ന വൃദ്ധയെ കെട്ടിയിട്ട് പത്തു പവനോളം കവർന്നു. ഒരു മാസം മുൻപും പ്രദേശത്ത് വീട്ടിൽ കയറി മോഷണം നടന്നിരുന്നു. ഡോക്ടറും ഭാര്യയും ഇന്നലെ രാത്രി 11 മണിക്ക് തിരുവനന്തപുരത്ത് പോയിരുന്നു. അതിന് ശേഷമാണ് കവർച്ച നടന്നത്. ഇവരുടെ ബന്ധുവായ സ്ത്രീയും രണ്ട് ചെറിയ കുട്ടികളും മാത്രമാണ് വയോധികയായ അമ്മയ്ക്ക് ഒപ്പം വീട്ടലുണ്ടായിരുന്നത്. കുട്ടികൾ മുകൾ നിലയിൽ ആയിരുന്നു. ഇവർ രാവിലെ താഴെ വന്നു നോക്കിയപ്പോഴാണ് വയോധികയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചതായി കാണുന്നത്. വയോധികയുടെ സ്വർണമടക്കം കവർന്നാണ് മോഷ്ടാക്കൾ മടങ്ങിയത്. രണ്ട് മുറികളിൽ സംഘം കയറിയെന്നും വ്യക്തമായി.
8:02 AM IST:
ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതായി കാനഡ. ഇന്ത്യയുടെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചത്. ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമെന്ന് കാനഡ. കാനഡ പുറത്താക്കിയ ഇന്ത്യൻ ഉദ്യോഗസ്ഥൻ ദില്ലിയിൽ മടങ്ങിയെത്തി.
8:02 AM IST:
കൊച്ചി മഞ്ഞുമ്മലിൽ ഇരുചക്രവാഹനം പുഴയിൽ വീണ് യുവാവ് മരിച്ചു. ഇന്നലെ രാത്രി നടന്ന അപകടത്തിൽ കൊച്ചി പുതുവൈപ്പ് സ്വദേശിയായ കെൽവിൻ ആന്റണിയാണ് മരിച്ചത്. വഴിതെറ്റി വന്ന് പുഴയിൽ വീണതാകാമെന്ന് പൊലീസ് പറയുന്നു.
8:01 AM IST:
മഹുവ മൊയിത്രക്കെതിരെ ദർശൻ ഹീരനന്ദാനി നൽകിയ കത്ത് എത്തിക്സ് കമ്മിറ്റി പരിശോധിക്കും. ഇത് തെളിവായി സ്വീകരിക്കാനാകുമെന്ന് ലോക്സഭ വൃത്തങ്ങൾ പറയുന്നു. കത്ത് എഴുതിയുണ്ടാക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസെന്ന് മഹുവ മൊയിത്ര ആരോപിച്ചു. വിവാദത്തിൽ മൗനം പാലിക്കുകയാണ് തൃണമൂൽ കോൺഗ്രസ്.
8:00 AM IST:
മഹാരാഷ്ട്രയിലും കൂടത്തായി മോഡൽ കൂട്ടക്കൊല. ഗച്ച്റോളിയിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടത്. കുടുംബത്തിലെ രണ്ടു സ്ത്രീകൾ അറസ്റ്റിലായിട്ടുണ്ട്. ഒരു മാസത്തിനിടെ പലപ്പോഴായി വിഷം നൽകിയാണ് അഞ്ച് പേരെയും കൊലപ്പെടുത്തിയത്.
7:07 AM IST:
അയോധ്യയിൽ സന്യാസിയെ കൊല്ലപ്പെടുത്തി. ശിഷ്യൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. സംഭവം ഹനുമാൻഗഡിയിലെ ആശ്രമത്തിൽ. മൃതദേഹം കണ്ടെത്തിയത് മുറിയിൽ ചോരയിൽ കുളിച്ച നിലയിൽ. കൊലപാതകം നടത്തിയത് മോഷണശ്രമത്തിനിടെയെന്ന് പൊലീസ്
6:21 AM IST:
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ. വിഎസിന്റെ ജീവിത ചരിത്രമെന്നാല് കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. സിപിഐ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. മകൻ വി.എ.അരുൺകുമാറിന്റെ തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ വീട്ടിലാണ് നിലവിൽ വിഎസ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വിഎസ് അറിയുന്നുണ്ടെന്ന് മകൻ അരുൺകുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിഎസിന് ഏഷ്യാനെറ്റ് ന്യൂസിന്റെ പിറന്നാൾ ആശംസകൾ.