ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി പൂജപ്പുര ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പനി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തലയ്ക്കുള്ളിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലെ ജെറിയാട്രിക് വാർഡിലേക്ക് മാറ്റിയതായും മറ്റ് ആരോഗ്യ പരിശോധനകൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. 2025-ൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വർണം പൂശാൻ പുറത്തേക്ക് കൊണ്ടുപോയ സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം (SIT) പി.എസ്.
പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. ഇടത് സർക്കാർ നിയോഗിച്ച മൂന്നാമത്തെ ദേവസ്വം ബോർഡ് പ്രസിഡന്റാണ് ഈ കേസിൽ അറസ്റ്റിലാകുന്നത്.
2019-ലെ ശബരിമല സ്വർണക്കൊള്ള മറച്ചുവെക്കാനാണ് പ്രശാന്തിന്റെ കാലയളവിൽ 2025-ൽ ദ്വാരപാലക പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് കൈമാറിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. എന്നാൽ ഹൈക്കോടതിയുടെ അനുമതി തേടാതിരുന്നത് കേവലം സാങ്കേതിക പിഴവ് മാത്രമാണെന്നാണ് പി.എസ്.
പ്രശാന്ത് ആവർത്തിച്ച് വ്യക്തമാക്കുന്നത്. എന്നാൽ അനുമതിയില്ലാതെ പാളികൾ കടത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എസ്.ഐ.ടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
2019-ൽ കൊണ്ടുപോയി സ്വർണം പൂശിയ പാളികൾക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ ശോഭ നഷ്ടപ്പെട്ട വിവരം അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു.
എന്നാൽ ഈ തകർച്ചയെക്കുറിച്ച് യാതൊന്നും അന്വേഷിക്കാതെ ബോർഡ് വീണ്ടും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തന്നെ പാളികൾ കൈമാറിയതിലാണ് അന്വേഷണ സംഘം ദുരൂഹത സംശയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

