

First Published Jun 25, 2024, 7:40 PM IST
ഒരു സാമ്പത്തിക വർഷത്തിലെ വരുമാനം ഇളവ് പരിധി കവിഞ്ഞാൽ വരുമാനമുള്ള വ്യക്തികൾ ആദായനികുതി അടയ്ക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ എല്ലാ വരുമാനത്തിനും നികുതി അടയ്ക്കേണ്ടതുണ്ടോ? വിവിധ തരത്തിലുള്ള വരുമാനങ്ങളും ഉണ്ട്, അവയിൽ ചിലത് നികുതി ബാധകമല്ല. ഇതിനർത്ഥം ഈ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്നാണ്. ഇത്തരത്തിലുള്ള അഞ്ച് തരം നികുതിയേതര വരുമാന സ്രോതസ്സുകളെക്കുറിച്ച് അറിയാം.
1. കൃഷിയിൽ നിന്നുള്ള വരുമാനം
കൃഷിയിൽ നിന്നാണ് വരുമാനം നേടുന്നതെങ്കിൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 10(1) പ്രകാരം ഇവ പൂർണമായും നികുതി രഹിതമാണ്. ഗോതമ്പ്, അരി, പയർവർഗ്ഗങ്ങൾ, പഴങ്ങൾ തുടങ്ങിയ വിളകളുടെ ഉത്പാദനം, സംസ്കരണം, വിതരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല, കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വസ്തുവിൽ നിന്നുള്ള വാടക വരുമാനവും നികുതി രഹിതമാണ്, കൂടാതെ കാർഷിക ഭൂമിയുടെ ക്രയവിക്രയത്തിൽ നിന്നുള്ള വരുമാനത്തിനും നികുതി നൽകേണ്ടതില്ല.
2. ബന്ധുക്കളിൽ നിന്നും അനന്തരാവകാശങ്ങളിൽ നിന്നുമുള്ള സമ്മാനങ്ങൾ:
ബന്ധുക്കളിൽ നിന്ന് സമ്മാനമായി ലഭിക്കുന്ന സ്വത്ത്, ആഭരണങ്ങൾ അല്ലെങ്കിൽ പണം പോലെയുള്ള വരുമാനത്തിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 56(ii) പ്രകാരം നികുതി ബാധകമല്ല. അതേസമയം, ബന്ധുക്കളല്ലാത്തവരിൽ നിന്ന് ഈ സമ്മാനങ്ങൾ ലഭിച്ചാൽ, അവർക്ക് 50,000 രൂപ വരെ മാത്രമേ നികുതി ഇളവിന് അർഹതയുള്ളൂ. കൂടാതെ, ഒരു ഹിന്ദു അവിഭക്ത കുടുംബത്തിൽ നിന്നോ (HuF) അല്ലെങ്കിൽ അനന്തരാവകാശം വഴിയോ ലഭിക്കുന്ന ആസ്തികളും ആദായനികുതി നിയമത്തിലെ സെക്ഷൻ 10(2) പ്രകാരം നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
3. ഗ്രാറ്റുവിറ്റി:
ഒരു സർക്കാർ ജീവനക്കാരൻ്റെ വര്മ്മനമായ ഗ്രാറ്റുവിറ്റി പൂർണമായും നികുതി രഹിതമാണ്. മരിക്കുമ്പോൾ അല്ലെങ്കിൽ വിരമിക്കുമ്പോളാണ് ഇവ ലഭിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും 10 ലക്ഷം രൂപ വരെയുള്ള ഗ്രാറ്റുവിറ്റിയുടെ നികുതിയിളവിൻ്റെ ആനുകൂല്യം ലഭിക്കും.
4. സ്കോളർഷിപ്പുകളും പെൻഷനുകളും:
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നുണ്ട്, ഇങ്ങനെയുള്ള തുക പൂർണ്ണമായും നികുതി രഹിതമാണ്. കൂടാതെ, മഹാവീർ ചക്ര, പരമവീര ചക്ര, വീർ ചക്ര തുടങ്ങിയ ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ സ്വീകരിക്കുന്നവർക്കും മറ്റ് ചില പെൻഷൻകാർക്കും ആദായനികുതി ബാധകമല്ല.
5. ചില സേവിംഗ്സ് സ്കീമുകളിലെ പലിശ വരുമാനം:
ചില സേവിംഗ്സ് സ്കീമുകളിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനം ആദായനികുതി നിയമത്തിലെ സെക്ഷൻ 10(15) പ്രകാരം പൂർണമായും നികുതി രഹിതമാണ്. ഈ സ്കീമുകളിൽ സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ), സ്വർണ്ണ നിക്ഷേപ ബോണ്ടുകൾ, പ്രാദേശിക അധികാരികളും ഇൻഫ്രാസ്ട്രക്ചർ കമ്പനികളും നൽകുന്ന ബോണ്ടുകൾ എന്നിവ ഉൾപ്പെടുന്നു.
Last Updated Jun 25, 2024, 7:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]