തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്ഷീരകർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സംസ്ഥാനത്ത് പാൽവില ലിറ്ററിന് നാല് രൂപ വർധിപ്പിക്കാൻ തീരുമാനിച്ചെങ്കിലും, ഇത് തങ്ങളുടെ ചെലവുകൾക്ക് ആനുപാതികമല്ലെന്നാണ് കർഷകരുടെ നിലപാട്.
ജൂൺ 1 മുതൽ പുതിയ വില നിലവിൽ വരും. വർധിപ്പിച്ച നാല് രൂപയിൽ 3.35 രൂപ മാത്രമാണ് കർഷകന് ലഭിക്കുക.
നിലവിൽ ലിറ്ററിന് 43-44 രൂപ ലഭിക്കുന്ന സ്ഥാനത്ത്, വർധനവിന് ശേഷം 46-47 രൂപയിലേക്ക് വരുമാനം ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ പാലിന്റെ ഗുണനിലവാരം, കൊഴുപ്പ്, കൊഴുപ്പിതര ഘടകങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നതിനാൽ എല്ലാവർക്കും ഈ ആനുകൂല്യം പൂർണമായി ലഭിക്കില്ല.
ഉയർന്ന ഉൽപാദനശേഷിയുള്ള എച്ച്എഫ് പശുക്കളെ വളർത്തുന്നവർക്ക് കൊഴുപ്പിന്റെ അളവ് കുറവായതിനാൽ വരുമാനത്തിൽ കാര്യമായ വർധനയുണ്ടാകില്ല. ലിറ്ററിന് കുറഞ്ഞത് 50 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ക്ഷീരമേഖല പിടിച്ചുനിൽക്കൂ എന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
തീവിലയിൽ നട്ടംതിരിഞ്ഞ് കർഷകർ
കാലിത്തീറ്റയുടെ അമിതവിലയാണ് മേഖലയെ തകർക്കുന്നത്. 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1,450 രൂപയ്ക്ക് മുകളിലാണ് വിപണിയിലെ വില.
പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവും തവിട്, പിണ്ണാക്ക്, വൈക്കോൽ എന്നിവയുടെ വിലവർധനയും ഉൽപാദനച്ചെലവ് ഇരട്ടിയാക്കി. ഇതിനു പുറമെ പശുക്കൾക്കുണ്ടാകുന്ന രോഗങ്ങളും ഉൽപാദനക്കുറവും കർഷകരെ കടക്കെണിയിലാക്കുന്നു.
ജില്ലയിലെ ക്ഷീരസംഘങ്ങളിൽ നേരത്തെ പത്തുായിരത്തിലധികം കർഷകർ പാൽ നൽകിയിരുന്ന സ്ഥാനത്ത്, നിലവിൽ പലരും മേഖല ഉപേക്ഷിച്ച് മറ്റ് തൊഴിലുകളിലേക്ക് ചേക്കേറി കഴിഞ്ഞു. നിലവിൽ ഇരുനൂറോളം ക്ഷീരസംഘങ്ങളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണമെന്നും, വിപണിയിൽ സ്ഥിരമായ വിലനിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് ക്ഷീരമേഖലയെ സംരക്ഷിക്കാൻ കർഷകർ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

