
ദുബൈ: ദുബൈയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയത് മണിക്കൂറുകള്‍. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം പുറപ്പെടാന്‍ വൈകിയത്. വിമാനത്തിലെ വൈദ്യുതി ബന്ധവും തകരാറിലായതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായി.
ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ വൈകിട്ട് 5 മണിക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ 2205 വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്. 90 മിനിറ്റ് നേരമാണ് വൈദ്യുതിയില്ലാതെ വിമാനത്തില്‍ യാത്രക്കാര്‍ക്ക് ഇരിക്കേണ്ടി വന്നത്. ഇതോടെ യാത്രക്കാര്‍ രോഷാകുലരാകുകയും ചിലര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വെള്ളവും ലഘുഭക്ഷണങ്ങളും നല്കി ക്യാബിന് ക്രൂ, യാത്രക്കാരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറിന് പിന്നാലെ വൈദ്യുതിബന്ധം വീണ്ടും നഷ്ടമായത് മൂലം വിമാനം പുറപ്പെടാൻ പിന്നെയും വൈകി. തകരാര്‍ പരിഹരിച്ച് വിമാനം പുറപ്പെടാന്‍ ഇനിയും സമയം ആവശ്യമാണെന്ന് പൈലറ്റ് അറിയിച്ചതോടെ യാത്രക്കാര്‍ ബഹളം വെച്ചു. രണ്ട് മണിക്കൂറോളമാണ് യാത്രക്കാര്‍ വിമാനത്തിലിരുന്നത്.
തുടര്‍ന്ന് എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് പുറത്തിറക്കി. പിന്നീട് സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം വീണ്ടും ഹാന്‍ഡ് ബാഗേജ് പരിശോധന നടത്തി യാത്രക്കാരെ തിരികെ വിമാനത്തില്‍ കയറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]