
അഫാൻ ജയിലിൽ ആരോടും അടുപ്പം കാണിച്ചില്ല, നിരീക്ഷിക്കാൻ സഹതടവുകാരൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും
തിരുവനന്തപുരം ∙ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ (23) സെൻട്രൽ ജയിലിനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ‘ജയിലിനുള്ളിലെ ജയിൽ’ എന്നറിയപ്പെടുന്ന യുടിബി ബ്ലോക്കിലാണു അഫാനെ പാർപ്പിച്ചിരുന്നത്.
പ്രതി മുൻപും ജീവനൊടുക്കാൻ ശ്രമിച്ചതിനാൽ അതീവ സുരക്ഷ വേണമെന്നു പൊലീസിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നിട്ടും കൃത്യമായ സുരക്ഷ ഒരുക്കാത്ത നടപടിയിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു.
ജയിലിൽ എത്തിയ ശേഷവും അഫാന്റെ പെരുമാറ്റത്തിൽ ചില അസ്വാഭാവികതകൾ കണ്ടിരുന്നു. ശാന്തമായാണ് എല്ലാവരോടും പെരുമാറിയിരുന്നതെങ്കിലും ആരോടും വലിയ അടുപ്പം കാണിച്ചിരുന്നില്ല.
Latest News
ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ച അഫാൻ, ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അബോധാവസ്ഥയിലായിരുന്ന അഫാന് ആശുപത്രിയിലെത്തിച്ചപ്പോൾ മൂന്നുതവണ അപസ്മാരമുണ്ടായി.
തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റി. തലച്ചോറിനും ഹൃദയത്തിനും സാരമായ ക്ഷതമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
സഹോദരൻ അഹ്സാൻ, സുഹൃത്തായ ഫർസാന, പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിതാ ബീവി, പിതൃമാതാവ് സൽമാ ബീവി എന്നിവരെ അഫാൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കേരളം നടുങ്ങിയ ആ കൂട്ടക്കൊല നടന്ന് 91ാം ദിവസമാണ് അഫാൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്.
ഒരു കേസിൽ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ആത്മഹത്യാപ്രവണതയുള്ളതിനാൽ പ്രത്യേക നിരീക്ഷണം വേണ്ടവരെ പാർപ്പിക്കുന്ന ബ്ലോക്കിലാണ് അഫാനെ താമസിപ്പിച്ചിരുന്നത്.
അഫാനടക്കം രണ്ടുപേർ മാത്രം ഒരു സെല്ലിൽ. സഹതടവുകാരനോട് അഫാനെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു.
ഞായറാഴ്ചയായതിനാൽ രാവിലെ 11ന് ബ്ലോക്കിൽ തന്നെയുള്ള പ്രത്യേക മുറിയിൽ ടിവി കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. സഹതടവുകാരൻ ഫോൺ ചെയ്യാൻ പോയപ്പോഴാണ് അലക്കി ഉണങ്ങാനിട്ട
മുണ്ടെടുത്ത് ശുചിമുറിയിൽ കയറി അഫാൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജയിൽ ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
പിതാവ് വിദേശത്ത് കുടുങ്ങിയപ്പോൾ അഫാനും അമ്മയും സഹോദരനുമടങ്ങിയ കുടുംബത്തിന് 48 ലക്ഷം രൂപയോളം കടംപെരുകി. ഇതിൽ വഴക്കുപറഞ്ഞതിന്റെയും കടംവീട്ടാൻ സഹായിക്കാത്തതിന്റെയും വൈരാഗ്യത്തിലാണ് ഉറ്റവരെ അഫാൻ കൊലപ്പെടുത്തിയതെന്നാണ് കേസ്.
കൊലപാതകങ്ങൾക്കുശേഷം വിഷംകഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച അഫാൻ പൊലീസ് കസ്റ്റഡിയിലും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]